arrest

തിരുവനന്തപുരം: ഫോൺ ചെയ്യാനെന്ന വ്യാജേന ടാക്‌സി ഡ്രൈവറെ കബളിപ്പിച്ച് മൊബൈലുമായി കടന്നയാൾ അറസ്റ്റിൽ. തിരുവനന്തപുരം കരോട്ട് ആയിര പള്ളത്തു മേൽപ്പുറം വീട്ടിൽ ഷൈജുവാണ് (34) പിടിയിലായത്. വർക്കല അയന്തി പാലത്തിന് സമീപം മലയിൻകീഴ് സ്വദേശിയായ ടാക്‌സി ഡ്രൈവറുടെ മൊബൈൽ ഫോണാണ് പ്രതി കൈക്കലാക്കിയത്. അത്യാവശ്യത്തിന് ഫോൺ ചെയ്യണമെന്ന് പറഞ്ഞ് ഡ്രൈവറുടെ വാങ്ങി ഫോണിൽ സംസാരിച്ചു നിന്നശേഷം ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 27നായിരുന്നു സംഭവം.

സി.സി.ടി.വി പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ലോക്ക് മാറ്റാനായി ഫോൺ പൊഴിയൂർ ചാരോട്ടുകോണത്തുള്ള ഒരു മൊബൈൽ റിപ്പയറിംഗ് കടയിൽ പ്രതി ഏൽപ്പിച്ചിരുന്നു. ഫോണും ബൈക്കും കസ്റ്റഡിയിലെടുത്തു. സമാനകേസുകുളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.