prasanth-n

തിരുവനന്തപുരം: കളകളെ ഭയപ്പെടേണ്ടെന്ന പരോക്ഷ പരിഹാസവുമായി കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകുമായി ചേരിപ്പോര് രൂക്ഷമാവുന്നതിനിടെയാണ് വീണ്ടും പ്രശാന്ത് പോസ്റ്റുമായി എത്തിയിരിക്കുന്നത്. 'കർഷകനാണ്‌,​ കള പറിക്കാൻ ഇറങ്ങിയതാ' എന്നാണ് പുതിയ പോസ്റ്റിൽ പ്രശാന്ത് എഴുതിയത്.

കള പറിക്കുന്ന യന്ത്രത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും ജയതിലകിനുമെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രശാന്തിനെതിരെ ഇന്ന് അച്ചടക്ക നടപടിയുണ്ടാകുമെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തിയത്. പ്രശാന്തിന്റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം

കർഷകനാണ്‌...

കള പറിക്കാൻ ഇറങ്ങിയതാ...

ഇന്ത്യയിലെ റീപ്പർ, ടില്ലർ മാർക്കറ്റ്‌ മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടർ, സോളാർ ഓട്ടോ, ഹൈഡ്രോപോണിക്സ്‌, ഹാർവസ്റ്റർ, പവർ വീഡർ, വളം, വിത്ത്‌-നടീൽ വസ്തുക്കൾ- എനിവയുടെ മാർക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലർ നെറ്റ്‌വർക്ക്‌, ഫിനാൻസ്‌ ഓപ്ഷനുകൾ..

ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!