ride

ലക്‌നൗ: യന്ത്ര ഊഞ്ഞാലിൽ കുരുങ്ങി 13കാരിയുടെ തലയോട്ടി മുഴുവനായി അടർന്നുമാറി. ഉത്തർപ്രദേശ് കനൗജിലെ മധോനഗറിൽ ശനിയാഴ്‌ചയാണ് ഭയാനകമായ സംഭവം നടന്നത്. പ്രദേശത്ത് നടന്ന മേളയിൽ പങ്കെടുക്കാനെത്തിയ അനുരാധ കതേരിയ എന്ന പെൺകുട്ടിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

എല്ലാക്കൊല്ലവും ശ്രീ ശ്രീ 1008 സ്വാമി നിത്യാനന്ദ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മധോനഗറിൽ മേള സംഘടിപ്പിക്കാറുണ്ട്. പൂജാ ചടങ്ങുകൾ, ഘോഷയാത്രകൾ, വിവിധ വിനോദ പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്ന രണ്ട് ദിവസത്തെ മേളയാണ് നടക്കുന്നത്.

യന്ത്ര ഊഞ്ഞാൽ കറങ്ങുന്നതിനിടെ പെൺകുട്ടിയുടെ മുടി കുരുങ്ങുന്നതും തലയോട്ടി മുഴുവനായി അടർന്ന് ഊഞ്ഞാലിന്റെ ഇരുമ്പ് കമ്പിയിൽ തൂങ്ങിക്കിടക്കുന്നതുമായി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനിടെ കുട്ടിയുടെ ബന്ധുക്കൾ യന്ത്രം നി‌ർത്താനായി ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും തലയോട്ടി അടർന്നുമാറിയിരുന്നു. കുട്ടിയുടെ തലയിൽ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് സംഭവസ്ഥലത്തുതന്നെ കുട്ടി ബോധരഹിതയായി. കുട്ടിയെ ഉടനടി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനാൽ ലക്‌നൗവിലെ പിജിഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇത്തരം വിനോദ യന്ത്രങ്ങളിൽ കയറുന്നതിന് മുൻപായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കനൗജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ ഓർപ്പിക്കുന്നു. തലമുടി, ദുപ്പട്ട, സാരി പോലുള്ളവ യന്ത്രത്തിൽ കുരുങ്ങാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. യന്ത്രത്തിന്റെ സീറ്റ് ബെൽറ്റ് മുറുക്കണം. യന്ത്രം കറങ്ങുമ്പോൾ സീറ്റിൽ നിന്ന് എഴുന്നേൽക്കാനും മറ്റും ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.