
ഒരു പണ്ഡിതൻ വനത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഇടയ്ക്കുവച്ച് അദ്ദേഹത്തെ ഒരു പുലി ആക്രമിക്കാൻ വന്നു. അത് കണ്ടുനിന്ന ഒരു കാട്ടാളൻ പുലിയെ ഓടിച്ചു പണ്ഡിതനെ രക്ഷിച്ചു. തന്റെ ജീവൻ രക്ഷിച്ചയാൾക്ക് എന്തെങ്കിലുമൊരു സമ്മാനം കൊടുക്കണമെന്ന് പണ്ഡിതൻ ആഗ്രഹിച്ചു. കൈയിൽ പണമില്ലാതിരുന്നതിനാൽ സകല ശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കിയ, പ്രാണനുതുല്യം ഇഷ്ടപ്പെടുന്ന തന്റെ തത്തയെ തന്നെ രക്ഷിച്ചതിനുള്ള നന്ദി സൂചകമായി പണ്ഡിതൻ കാട്ടാളനു നല്കി. യാത്രകഴിഞ്ഞ് വീട്ടിലെത്തിയ പണ്ഡിതൻ തന്റെ തത്തയെ ഓർത്ത് വിഷമിച്ചു. 'സകല ശാസ്ത്രങ്ങളും പഠിച്ച തത്തയെ കൊടുക്കേണ്ടിവന്നത് കഷ്ടമായി. അതിനാൽ പണം കൊടുത്ത് സന്തോഷിപ്പിച്ച് തത്തയെ തിരിച്ചുവാങ്ങാം." എന്നു ചിന്തിച്ച് അടുത്ത ദിവസം പണ്ഡിതൻ കാട്ടിലേയ്ക്കുപോയി. വളരെ ശ്രമിച്ച് കാട്ടാളനെ കണ്ടുപിടിച്ച് തത്തയെക്കുറിച്ച് അന്വേഷിച്ചു. കാട്ടാളൻ പറഞ്ഞു 'അതിനു നല്ല രുചിയായിരുന്നു". എത്ര ശാസ്ത്രം പഠിച്ച തത്തയാണെങ്കിലും കാട്ടാളനെ സംബന്ധിച്ചിടത്തോളം അതു ഭക്ഷ്യവസ്തു മാത്രമാണ്. കാട്ടാളന് ശാസ്ത്രത്തെപ്പറ്റിയൊന്നും അറിവില്ലല്ലോ. വേണ്ടത്ര യോഗ്യതകളില്ലാത്ത ഒരാൾക്ക് ശ്രേഷ്ഠമായ വസ്തുവോ അറിവോ ലഭിച്ചാൽ എന്തു സംഭവിക്കുമെന്നതിന് ഉത്തമോദാഹരണമാണ് ഈ കാട്ടാളൻ.
ഏതു വിദ്യയായാലും ശാസ്ത്രമായാലും ആദ്യം നമ്മൾ അതിന്റെ മൂല്യത്തെ തിരിച്ചറിയണം. അപ്പോൾ മാത്രമേ നമ്മൾ അതിനു വേണ്ടത്ര ശ്രദ്ധയും ഗൗരവവും കൊടുക്കുകയുള്ളു. ഓരോരുത്തരും ലോകത്തിലെ ഏതൊന്നിനെയും അവരവരുടെ കാഴ്ചപ്പാടും പക്വതയും അനുസരിച്ചാണ് ഉൾക്കൊള്ളുന്നത്. യോഗ്യതയില്ലാത്ത ഒരാൾക്കു ഏതൊരു വസ്തുവിനെയും ശരിയായി ഉപയോഗിക്കാനും അതുകൊണ്ടുള്ള പൂർണ്ണമായ ഫലം അനുഭവിക്കാനും സാധിക്കുകയില്ല. തിമിരം ബാധിച്ച ഒരാൾക്ക് മഴവില്ലിന്റെ സൗന്ദര്യം ആസ്വദിക്കാനാവില്ലല്ലോ.
ഏതു വിദ്യയെയും ശാസ്ത്രത്തെയും ശരിയായി ഗ്രഹിക്കാനും പ്രയോജനപ്പെടുത്താനും ചില അടിസ്ഥാന യോഗ്യതകൾ ആവശ്യമാണ്. ജാതിയുടെയോ ജന്മത്തിന്റെയോ അടിസ്ഥാനത്തിൽ വിവേചനപരമായി വിദ്യ നിഷേധിക്കുന്ന കാര്യമല്ല ഇവിടെ പറയുന്നത്. മെഡിസിൻ എൻജിനീയറിംഗ് തുടങ്ങിയ വിദ്യകൾക്ക് അധികാരികളായവരെ നിശ്ചയിക്കുന്ന രീതി ഇക്കാലത്തുമുണ്ടല്ലോ.
യോഗ്യതയെ അടിസ്ഥാനമാക്കി ശാസ്ത്രങ്ങൾ വിദ്യാർത്ഥികളെ ഉത്തമാധികാരി, അധമാധികാരി, മദ്ധ്യമാധികാരി എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. ഉത്തമാധികാരിക്കു വിദ്യ വളരെ എളുപ്പം ഗ്രഹിക്കുവാനും അതു പൂർണ്ണമായും പ്രയോജനപ്പെടുത്താനും കഴിയും. ജന്മനാ സംഗീതത്തിലോ മറ്റു കലകളിലോ വാസനയുള്ളവർ ചെറുപ്പത്തിൽത്തന്നെ പ്രാവീണ്യം നേടാറില്ലേ?
ആത്മാർത്ഥമായി പ്രയത്നിച്ചാൽ മദ്ധ്യമാധികാരിക്കു കാലാന്തരത്തിൽ ആ വിദ്യ പൂർണ്ണമായി സ്വാധീനമാക്കാൻ കഴിയും. എന്നാൽ അധമാധികാരി വളരെയധികം പ്രയത്നിച്ചാലും ചിലപ്പോൾ ജന്മാന്തരം കൊണ്ടുമാത്രമേ ആ വിദ്യയെ, പ്രത്യേകിച്ചു ആദ്ധ്യാത്മവിദ്യയെ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ കഴിയു. എന്നാൽ ഒട്ടും അധികാരിയല്ലാത്ത ഒരാൾക്ക് വിദ്യ നേടാനുള്ള അവസരം ലഭിച്ചാലും അയാൾ ആ അവസരം പാഴാക്കിക്കളയുകയേയുള്ളു. താൻ ഉത്തമാധികാരിയല്ല എന്നൊരാൾ തിരിച്ചറിഞ്ഞാൽ വിദ്യ ആർജിക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്തിരിയുകയല്ല വേണ്ടത്. വിദ്യയുടെ മൂല്യം മനസിലാക്കി ക്ഷമയോടെ ശ്രദ്ധയോടെ ആവശ്യമെങ്കിൽ ദീർഘകാലം അഭ്യസിക്കാനുള്ള ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകുകയാണ് വേണ്ടത്.