pic

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ടോം ഹോമാനെ 'ബോർഡർ സാർ"(border czar) ആയി പ്രഖ്യാപിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾ‌‌ഡ് ട്രംപ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് (ഐസ്) ആക്ടിംഗ് ഡയറക്ടറായ ഹോമാൻ അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നിലപാടുകളിലൂടെ ശ്രദ്ധേയനാണ്.

മുൻ പൊലീസ് ഓഫീസർ കൂടിയായ ഹോമാനാകും യു.എസിന്റെ തെക്ക്, വടക്ക്, സമുദ്ര, വ്യോമ അതിർത്തികളുടെ സംരക്ഷണ ചുമതല. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായും ഹോമാനെ പരിഗണിച്ചേക്കും.

അതിനിടെ, ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗം എലിസ് സ്റ്റെഫനിക്കിനെ ട്രംപ് യു.എന്നിലെ അംബാസഡറായി പ്രഖ്യാപിച്ചു. സ്റ്റേറ്റ്, ഡിഫൻസ് സെക്രട്ടറിമാർ അടക്കം ഉന്നത ക്യാബിനറ്റ് പോസ്റ്റുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ജനുവരി 20നാണ് ട്രംപ് അധികാരത്തിലേറുക.

പ്രതിനിധി സഭയിലും

റിപ്പബ്ലിക്കൻസ്

ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി യു.എസ് കോൺഗ്രസിൽ സമ്പൂർണ മേധാവിത്വത്തിലേക്ക്. സെനറ്റിൽ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻമാർക്ക് ജനപ്രതിനിധി സഭയിൽ സീറ്റ് 214 ആയി. 435 അംഗ സഭയിൽ 218 സീറ്റാണ് ഭൂരിപക്ഷം. 203 സീറ്റുമായി ഡെമോക്രാറ്റുകൾ പിന്നിലുണ്ട്.