
ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി തിരുവനന്തപുരത്തിന്, അത്‌ലറ്റിക്സിൽ മലപ്പുറത്തിന് കന്നിക്കിരീടം
സമാപനച്ചടങ്ങിൽ കല്ലുകടിയായി സ്കൂളുകളുടെ പ്രതിഷേധം,പൊലീസ് ഇടപെടൽ
കൊച്ചി : ഒരാഴ്ചയായി കൊച്ചിയിൽ നന്നായി നടന്ന ഒളിമ്പിക് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനവേദിയിൽ പോയിന്റിനെച്ചൊല്ലിയുണ്ടായ സംഘർഷം കല്ലുകടിയായി. എറണാകുളത്തെ വിവിധ വേദികളിൽ നടന്ന സ്കൂൾ കായിക മേളയിൽ അക്വാട്ടിക്‌സിലും ഗെയിംസിലും ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ഓവറാൾ ചാമ്പ്യന്മാർക്കുള്ള പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി സ്വന്തമാക്കിയത്.തുടർച്ചയായ മൂന്നാം തവണയാണ് തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരാകുന്നത്. 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവുമുൾപ്പെടെ 1935 പോയിന്റ് നേടിയാണ് തലസ്ഥാനത്തിന്റെ കുതിപ്പ്. 148 പോയിന്റ് നേടിയ തൃശൂരാണ് റണ്ണറപ്പ്. അത്‌ലറ്റിക്‌സിലെ മേധാവിത്വത്തിന്റെ പിൻബലത്തിൽ മലപ്പുറം 824 പോയിന്റുമായി മൂന്നാമതായി.
കായികമേളയിലെ ഗ്ലാമർ ഇനമായ അത്‌ലറ്രിക്‌സിൽ പാലക്കാടിന്റെയും എറണാകുളത്തിന്റെയും കുത്തക അവസാനിപ്പിച്ച് ചരിത്രത്തിൽ ആദ്യമായി മലപ്പുറം ചാമ്പ്യന്മാരായി. ഐഡിയൽ ഇ.എച്ച്.എസ്.എസിന്റെയും നവാമുകുന്ദാ എച്ച്.എസ്.എസ് തിരുനാവായയുടേയും മികവിൽ അഞ്ച് ദിനവും മുന്നിലായിരുന്ന മലപ്പുറം ആകെ 22 സ്വർണവും 32 വെള്ളിയും 24 വെങ്കലവും ഉൾപ്പെടെ 247 പോയിന്റുമായാണ് ചാമ്പ്യന്മാരായത്. നേരത്തേ ഹാട്രിക്ക് ചാമ്പ്യന്മായിരുന്ന പാലക്കാട് ഇത്തവണ 25 സ്വർണവും 13 വെള്ളിയും 18 വെങ്കലവുമുൾപ്പെടെ 213 പോയിന്റുമായാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 73 പോയിന്റുമായി ആതിഥേയരായ എറണാകുളം മൂന്നാമതും 72 പോയിന്റുമായി തൊട്ടുപിന്നിൽ കോഴിക്കോടും ഫിനിഷ് ചെയ്തു.
സ്‌കൂളുകളിൽ തുടർച്ചയായ മൂന്നാംതവണയും ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരി ചാമ്പ്യന്മാരായി. . നാവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ 44 പോയിന്റ് നേടി രണ്ടാമതും 43പോയിന്റുള്ള കോതമംഗലം മാർബേസിൽ മൂന്നാം സ്ഥാനത്തും എന്നാണ് സ്കൂൾ ഗെയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇന്നലെ വൈകിട്ടുവരെ ഉണ്ടായിരുന്നത്. എന്നാൽ സമ്മാനദാന സമയത്ത് 55 പോയിന്റ് നേടിയ ജി.വി രാജ സ്പോർട്‌സ് സ്കൂളിനെ രണ്ടാം സ്ഥാനക്കാരായി പ്രഖ്യാപിക്കുകയും സംഘർഷമുണ്ടാവുകയുമായിരുന്നു.