pic

ടെൽ അവീവ് : സെപ്‌തംബറിൽ ലെബനനിലുണ്ടായ പേജർ സ്‌ഫോടന പരമ്പരകൾ തന്റെ അനുമതിയോടെയാണ് നടന്നതെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അദ്ദേഹത്തിന്റെ വക്താവായ ഒമർ ഡോസ്ത്രിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.

ക്യാബിനറ്റ് യോഗത്തിനിടെയായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥർ എതിർത്തിട്ടും ദൗത്യവുമായി മുന്നോട്ടുപോകാൻ താൻ തീരുമാനിച്ചെന്നും നെതന്യാഹു വ്യക്തമാക്കി.

ഹിസ്ബുള്ള ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇസ്രയേലി ചാര ഏജൻസിയായ മൊസാദാണ് പേജർ,​ വാക്കിടോക്കി സ്ഫോടന പരമ്പരകൾ ആസൂത്രം ചെയ്ത് നടപ്പാക്കിയത്. എന്നാൽ മൊസാദോ നെതന്യാഹുവോ ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല. സ്‌ഫോടക വസ്‌തു നിറച്ച ആ​യി​ര​ക്ക​ണ​ക്കി​ന് ​പേ​ജ​റു​ക​ളും​ വാ​ക്കി​ടോ​ക്കി​ക​ളും​ സെപ്‌തംബർ 17നും 18നും കൂ​ട്ട​ത്തോ​ടെ​ ​പൊ​ട്ടി​ത്തെ​റി​ക്കുകയായിരുന്നു. 39 പേരാണ് കൊല്ലപ്പെട്ടത്. 3,400ലേറെ പേർക്ക് പരിക്കേറ്റു.