
കൊച്ചി : ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കായികമേളയിൽ ജനറൽ സ്കൂൾ, സ്പോർട്സ് സ്കൂൾ വേർതിരിവുകൾ ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അത്‌ലറ്റിക്‌സിൽ സ്കൂളുകളുടെ ചാമ്പ്യൻഷിപ്പിൽ വിവാദവും സംഘർഷവുമുണ്ടായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
സംസ്ഥാന സ്കൂൾ കായികമേളയിൽ സ്പോർട്സ് സ്കൂൾ, ജനറൽ സ്കൂൾ, സ്പോർട്സ് ഡിവിഷൻ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സ്പോർട്സ് അക്കാഡമികൾ എന്ന വ്യത്യാസം കൂടാതെയാണ് കുട്ടികൾ പങ്കെടുക്കുന്നത്. ഈ സാഹചര്യത്തിൽ സ്കൂളുകളെ വേർതിരിച്ച് സമ്മാനം നൽകുന്നത് ഉചിതമല്ല. സംസ്ഥാന കായിക മേളയിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമാക്കുന്നത് മികച്ച കായിക പ്രതിഭകളെ കണ്ടെത്തുകയും അവരെ ഭാവിയിലെ മികച്ച താരങ്ങളായി വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻകാലങ്ങളിൽ സ്പോർട്സ് ഡിവിഷനുകളും ജനറൽ സ്കൂളുകളും വേർതിരിച്ച് മത്സരം നടത്തിയിരുന്നത് ഏകീകരിച്ചത്. ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലയെ കണക്കാക്കുന്നതിൽ ഒരുമിച്ച് മത്സരിക്കുന്ന കുട്ടികളെ സ്പോർട്സ് സ്കൂൾ എന്നോ ജനറൽ സ്കൂൾ എന്നോ കാറ്റഗറി തിരിച്ച് വേർതിരിക്കുന്നില്ല. അത്‌ലറ്റിക്സിൽ മാത്രം വേർതിരിവ് നൽകുവാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.