loan

സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോഴും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനും പണം ആവശ്യമായി വരുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് വായ്പകളെക്കുറിച്ചാണ്. സാലറിയുള്ള ഒരു ജീവനക്കാരനാണെങ്കില്‍ അത്യാവശ്യം നല്ല സിബില്‍ സ്‌കോറുമുണ്ടെങ്കില്‍ വായ്പ നല്‍കാന്‍ ന്യൂജനറേഷന്‍ ബാങ്കുകള്‍ മുതല്‍ ദേശസാല്‍കൃത ബാങ്കുകള്‍ വരെ തയ്യാറാണ്. എളുപ്പത്തില്‍ പാസായി കിട്ടും എന്നതുകൊണ്ട് തന്നെ വായ്പയോട് താത്പര്യം കൂടുതലാണ് ഇപ്പോള്‍ നിരവധിപേര്‍ക്ക്. എന്നാല്‍ വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഏതുതരം വായ്പയായാലും ഇംഎംഐ ഒരു ബാദ്ധ്യതയാകാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. വ്യക്തിഗത വായ്പയെടുക്കുന്നവരാണ് ഇതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. മറ്റ് വായ്പകളെ അപേക്ഷിച്ച് പലിശ കൂടുതലാണെന്നതാണ് വ്യക്തിഗത വായ്പകളെ സംബന്ധിച്ചുള്ള ശ്രദ്ധിക്കേണ്ട കാര്യം. ഇഎംഐ ഒരു ബാദ്ധ്യതയാകാതിരിക്കാന്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് എന്തിനും ഏതിനും വ്യക്തിഗത വായ്പകളെടുക്കുന്ന ശീലം ഒഴിവാക്കുകയെന്നതാണ്.

ആവശ്യങ്ങള്‍ക്ക് അനുസൃതമായി ശരിയായ വിഭാഗത്തിലുള്ള വായ്പകള്‍ തെരഞ്ഞെടുക്കുകയെന്നത് നിര്‍ണായകമാണ്. വീട് വാങ്ങുന്നതിനും സൗകര്യം മെച്ചപ്പെടുത്തുന്നതിനുമൊക്കെ ഹോം ലോണുകള്‍ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഹോം ഇംപ്രൂവ്മെന്റ് ലോണ്‍, ഇന്റീരിയര്‍ ലോണുകള്‍ പോലെ പുതിയതരം ഭവന വായ്പകളും ടോപ്-അപ് ലോണുകളും ഉപഭോക്താവിന്റെ ആവശ്യാര്‍ത്ഥം പരിഗണിക്കാം. തിരിച്ചടവ് കാലാവധി കൂടുതലായതിനാലും പലിശ നിരക്ക് കുറവുള്ളതിനാലും ഇഎംഐ ബാദ്ധ്യതയും ഇത്തരം വായ്പകളില്‍ കുറവായിരിക്കും.

വാഹനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പേഴ്സണല്‍ ലോണിനു പകരം വാഹന വായ്പ എടുത്താല്‍ ഉയര്‍ന്ന പലിശ ഒഴിവാക്കാം. വ്യക്തിഗത വായ്പയേക്കാള്‍ തിരിച്ചടവിനുള്ള സമയം വാഹന വായ്പകള്‍ക്ക് കൂടുതല്‍ ലഭിക്കുന്നതിനാല്‍ പ്രതിമാസ തിരിച്ചടവിനുള്ള തുകയും കുറഞ്ഞുകിട്ടും.