ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് 2019ൽ ഫ്ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് ട്രെയിൻ. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ സെമി ഹൈ സ്പീഡ് ട്രെയിനാണിത്. ഇന്ത്യൻ റെയിൽവേയെ ലോകോത്തര നിലവാരത്തിലെത്തിച്ച ഗതാഗത സംവിധാനം കൂടിയാണ് വന്ദേ ഭാരത് എക്സ്പ്രസ്.
2047 ഓടെ 4500 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാനുള്ള പദ്ധതിയിലാണ് മോദി സർക്കാർ. ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാനിലും വന്ദേ ഭാരതിന് സമാനമായ ട്രെയിൻ സർവീസുണ്ട്. ഗ്രീൻ ലൈൻ എക്സ്പ്രസ് എന്ന് പേരുള്ള ഈ ട്രെയിനിനെ യാത്രക്കാർ പലപ്പോലും വന്ദേ ഭാരതുമായി താരതമ്യം ചെയ്യാറുണ്ട്. ഇവ രണ്ടിന്റെയും സവിശേഷതകൾ ഒന്ന് പരിശോധിക്കാം.
വന്ദേ ഭാരത്
ബ്രോഡ് ഗേജ് ഇലക്ട്രിഫൈഡ് നെറ്റ്വർക്കിലാണ് വന്ദേ ഭാരത് പ്രവർത്തിക്കുന്നത്.
മണിക്കൂറിൽ 180 കിലോമീറ്ററാണ് വന്ദേഭാരതിന്റെ ഏറ്റവും ഉയർന്ന വേഗത.
എല്ലാ സീറ്റിലും മൊബൈൽ ചാർജ് ചെയ്യാനുള്ള സോക്കറ്റുകൾ.
ചൂട് വെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന ഓട്ടോമാറ്റിക് പ്ളഗ് ഡോർ ഉള്ള പാൻട്രി.
എല്ലാ കോച്ചിലും എമർജൻസി വിൻഡോകൾ, എമർജൻസി പുഷ് ബട്ടൺ, തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ.
ഡ്രൈവർ-കാർഡ് ആശയവിനിമയത്തിനും വോയിസ് റെക്കാഡ് ചെയ്യാനുമുളള സംവിധാനം.
കോച്ച് കണ്ടീഷൻ മോണിറ്ററിംഗ് സിസ്റ്റം
1565 മുതൽ 2825 വരെയാണ് വന്ദേ ഭാരത് ടിക്കറ്റ് വില.
ഗ്രീൻ ലൈൻ
2015ൽ ഫ്ളാഗ് ഓഫ് ചെയ്ത ഗ്രീൻ ലൈൻ ട്രെയിൻ പാകിസ്ഥാനിലെ ഏറ്റവും വേഗതയേറിയ ആഡംബര ട്രെയിൻ സർവീസാണ്.
ആഡംബരവും അത്യാധുനിക സേനങ്ങൾകൊണ്ടും പ്രശസ്തമാണ് ഗ്രീൻ ലൈൻ പ്രീമിയം ട്രെയിൻ.
കറാച്ചിയിൽ നിന്ന് ഇസ്ളാമാബാദിലെ മാർഗല്ലവരെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. പത്ത് സ്റ്റേഷനുകൾ പിന്നിട്ട് 22 മണിക്കൂറുകൾകൊണ്ടാണ് 1400ഓളം കിലോമീറ്ററുകൾ ഗ്രീൻ ലൈൻ പിന്നിടുന്നത്.
ഒരു ആഡംബര ബസിന്റെ മാതൃകയിൽ എസി പാർലർ ക്ളാസാണ് ഗ്രീൻ ലൈനിലുള്ളത്.
രണ്ട് പാർലർ കാറുകൾ, അഞ്ച് ബിസിനസ് കോച്ചുകൾ, ആറ് എസി സ്റ്റാൻഡാർഡ് കോച്ചുകൾ എന്നിവ ഗ്രീൻ ലൈനിന്റെ സവിശേഷതകളാണ്.
മണിക്കൂറിൽ 105 കിലോമീറ്ററാണ് ഉയർന്ന വേഗത.
വൈഫൈ, ഓൺബോർഡ് എന്റർടെയിൻമെന്റ്, ആഹാരം, ലഘുഭക്ഷണം, യൂട്ടിലിറ്റി കിറ്റുകൾ എന്നിവയും ലഭിക്കും.