cricket

ഇന്ത്യ Vs ദക്ഷിണാഫ്രിക്ക

8.30 pm മുതൽ

സ്പോർട്സ് 18ലും ജിയോ സിനിമയിലും

സെഞ്ചൂറിയൻ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലുമത്സര പരമ്പരയിലെ മൂന്നാം ട്വന്റി-20 ഇന്ന് സെഞ്ചൂറിയനിൽ നടക്കും. ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്കാണ് മത്സരം തുടങ്ങുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ആതിഥേയർ മൂന്ന് വിക്കറ്റിന് ജയിച്ച് പരമ്പര 1-1ന് സമനിലയിലാക്കിയിരിക്കുകയാണ്.

മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ് ഡർബനിൽ നടന്ന ആദ്യ മത്സത്തിൽ ഇന്ത്യ വിജയം കണ്ടത്. തുടർച്ചയായ രണ്ട് ട്വന്റി-20കളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം കുറിച്ച സഞ്ജു 50 പന്തുകളിൽ ഏഴ് ഫോറുകളുടെയും പത്ത് സിക്സുകളുടെയും അകമ്പടിയോടെ 107 റൺസാണ് നേടിയത്. എന്നാൽ രണ്ടാം മത്സരത്തിൽ സഞ്ജു ഡക്കായതോടെ ഇന്ത്യയും പതറി. ക്വബേഹയിൽ ഇന്ത്യ 124/6 എന്ന സ്കോറിൽ ഒതുങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക 19 ഓവറിൽ വിജയം കണ്ടു. ഒരു കലണ്ടർ വർഷം നാല് തവണ ഡക്കാകുന്ന എന്ന ആദ്യ താരം എന്ന നാണക്കേടും സഞ്ജുവിനുണ്ടായി. വരുൺ ചക്രവർത്തി അഞ്ചുവിക്കറ്റ് വീഴ്ത്തിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ ജയം തടയാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

ആദ്യ മത്സരത്തിൽ പാടേ തകർന്നുപോയ ദക്ഷിണാഫ്രിക്കയ്ക്ക് ക്വബേഹയിലെ ജയം ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ഹെൻറിച്ച് ക്ളാസൻ,ട്രിസ്റ്റൺ സ്റ്റബ്സ്, റീസ ഹെൻട്രിക്സ്,എയ്ഡൻ മാർക്രം, റിക്കിൾടൺ,ഡേവിഡ് മില്ലർ തുടങ്ങിയ ബാറ്റർമാരും മാർക്കോ യാൻസൻ,ജെറാഡ് കോറ്റ്സെ,കേശവ് മഹാരാജ് തുടങ്ങിയ ബൗളർമാ‌രും അടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കൻ നിര.

ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളികൾ

1. ആദ്യ രണ്ട് മത്സരങ്ങളിലും മിക്കവാറും ഇന്ത്യൻ ബാറ്റർമാർ നിരാശപ്പെടുത്തുകയായിരുന്നു. ആദ്യ മത്സരത്തിൽ സഞ്ജു പുറത്താകുമ്പോൾ ഇന്ത്യ15.4 ഓവറിൽ 175/4 എന്ന നിലയിലായിരുന്നു. എന്നാൽ 20 ഓവർ പൂർത്തിയായപ്പോഴുള്ള സ്കോർ 202/8ഉം. അവസാന 26 പന്തുകളിൽ നേടിയത് 27 റൺസ് മാത്രം.

2.സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശർമ്മ ആദ്യ മത്സരത്തിൽ നേടിയത് ഏഴ് റൺസ്.രണ്ടാം മത്സരത്തിൽ നേടിയത് നാലുറൺസും.ഇതിന് മുമ്പ് ബംഗ്ളാദേശിനെതിരെ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന്

35 റൺസായിരുന്നു സമ്പാദ്യം.

3. മദ്ധ്യനിരയിൽ ഹാർദിക് പാണ്ഡ്യ,തിലക് വർമ്മ, റിങ്കു സിംഗ്, അക്ഷർ പട്ടേൽ തുടങ്ങിയവരുണ്ടെങ്കിലും മികച്ച ഇന്നിംഗ്സുകളും വേഗത്തിലുള്ള സ്കോറിംഗും വേണ്ട അവസരങ്ങളിൽ അതുണ്ടാകുന്നില്ല. ആദ്യ മത്സരത്തിൽ മദ്ധ്യനിരയ്ക്കാണ് പിഴച്ചത്.

4. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് എട്ടുവിക്കറ്റുകളുമായി വരുൺ ചക്രവർത്തി മികച്ച ഫോമിലാണ്. എന്നാൽ അക്ഷർ പട്ടേലിന് ഓരോവർ മാത്രം നൽകിയ ക്യാപ്ടൻ സൂര്യകുമാറിന്റെ തീരുമാനത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. എറിഞ്ഞ ഒരോവറിൽ രണ്ട് റൺസ് മാത്രമാണ് അക്ഷർ വിട്ടുകൊടുത്തതും.

5. കഴിഞ്ഞ മത്സരത്തിൽ 125 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 15.4 ഓവറിൽ 86/7 എന്ന നിലയിലായിരുന്നു. എന്നാൽ അടുത്ത 20 പന്തുകളിൽ 42 റൺസാണ് ഇന്ത്യൻ ബൗളർമാർ വിട്ടുകൊടുത്തത്. ഇതാണ് തോൽവിക്ക് വഴിയൊരുക്കിയതും.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : സഞ്ജു സാംസൺ,അഭിഷേക് ശർമ്മ,സൂര്യകുമാർ യാദവ്,തിലക് വർമ്മ അക്ഷർ പട്ടേൽ,ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, ആവേഷ് ഖാൻ,വരുൺ ചക്രവർത്തി.

ദക്ഷിണാഫ്രിക്ക : റയാൻ റിക്കിൾട്ടൺ,റീസ ഹെൻട്രിക്സ്,എയ്ഡൻ മാർക്രം,ട്രിസ്റ്റൺ സ്റ്റബ്സ്,മാർക്കോ യാൻസെൻ,ഹെൻറിച്ച് ക്ളാസൻ,ഡേവിഡ് മില്ലർ,അൻഡിലെ സിമലേൻ,ജെറാഡ് കോറ്റ്സെ,കേശവ് മഹാരാജ്,എൻക്വബയോംസി പീറ്റർ.

ആദ്യ ട്വന്റി-20

ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് 61 റൺസ് ജയം

രണ്ടാം ട്വന്റി-20

ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റ് ജയം.

നാലാം ട്വന്റി -20

നവംബർ 15ന് ജോഹന്നാസ് ബർഗിൽ.

പിച്ചും കാലാവസ്ഥയും

സെഞ്ചൂറിയനിലെ പിച്ച് പൊതുവേ പേസിനെയും ബൗൺസിനെയും തുണയ്ക്കുന്നതാണ്. അധിക ബൗൺസിലൂടെ

സ്പിന്നർമാർക്കും ബാറ്റർമാരെ വിരട്ടാനാകും. നേരിയ മഴ സാദ്ധ്യതയുണ്ടെങ്കിലും കളി തടസപ്പെടാനിടയില്ല.

18

ട്വന്റി-20 മത്സരങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഏഴ് മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്തവർ ജയിച്ചു.

1

ഇന്ത്യ ഇവിടെ ദക്ഷിണാഫ്രിക്കയോട് ഒരു ട്വന്റി-20 മാത്രമേ കളിച്ചിട്ടുള്ളൂ. 2018ൽ ആറ് വിക്കറ്റിന് തോറ്റു.