sidharth

നെയ്യാറ്റിൻകര: ആറുവർഷം മുമ്പ് നെയ്യാറ്റിൻകര പട്ടണത്തിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിച്ച കുട്ടികളുടെ പ്രധാനമന്ത്രി സിദ്ധാർത്ഥിന് ഇത് അഭിമാനനിമിഷം. സിദ്ധാർത്ഥിന്റെ സഹോദരി ഋതുനന്ദയാണ് നെയ്യാറ്റിൻകര നഗരസഭയുടെ ഈ വർഷത്തെ കുട്ടികളുടെ പ്രധാനമന്ത്രി.

ആറാലുംമൂട് വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഭഗവതിനട ഇടുവ ആമ്പാടി സദനത്തിൽ വിനോദ് കുമാറിന്റെയും സിന്ധുവിന്റെയും മക്കളാണ് ഋതുനന്ദയും സിദ്ധാർത്ഥും.

സ്കൂളിലെ മലയാളം അദ്ധ്യാപകരായ ആനാവൂർ മണികണ്ഠന്റെയും ലക്ഷ്മിയുടെയും നേതൃത്വത്തിലുള്ള പ്രസംഗ പരിശീലനക്കളരിയാണ് ഇരുവർക്കും പ്രചോദനമായത്. ഏട്ടൻ സിദ്ധാർത്ഥും ഋതുനന്ദയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകാറുണ്ട്. നവംബർ പതിനാലിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ഈ കൊച്ചുമിടുക്കി. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋതുനന്ദയെ നഗരസഭ ചെയർമാൻ പി.കെ.രാജമോഹനും സ്കൂൾ അധികൃതരും അഭിനന്ദിച്ചു.