
മലയാള നോവൽ ശാഖയ്ക്ക് നവീന ഭാവുകത്വം പകരുന്ന അപൂർവ രചനയാണ് എസ്. മഹാദേവൻ തമ്പിയുടെ 'മൃത്യുസൂത്രം." പ്രമേയത്തിലും പ്രതിപാദനത്തിലും തികച്ചും വ്യത്യസ്തത പുലർത്തുന്ന ഈ നോവലിലെ കഥാപാത്രങ്ങൾ ആകാശവും അഗ്നിയും സൂര്യനും ഭൂമിയുമാണ്. അനേകം അർത്ഥതലങ്ങളിൽ വ്യാഖ്യാനിക്കാവുന്ന തത്വചിന്താ പരിസരങ്ങളിൽ വ്യാപരിക്കുന്നു എന്നതാണ് 'മൃത്യുസൂത്ര"ത്തിന്റെ പ്രത്യേകത. കഥാഘടനയാകട്ടെ, നമ്മുടെ സങ്കല്പങ്ങൾക്കതീതമായ പ്രഹേളികാ സമാന മുഹൂർത്തങ്ങളിൽ നിന്ന് രൂപപ്പെട്ടു വികസിക്കുന്നതാണ്.
ഭൂമിയിലെ ദുഃഖദുരിതങ്ങൾക്ക് അറുതിവരുത്താനെത്തുന്ന ആര്യഗുരുവും, നിഗൂഢതാത്പര്യങ്ങളുടെ പേരിൽ അത് അട്ടിമറിക്കാൻ ശ്രമിക്കുന്ന ആത്മനാഥനും അവിടേയ്ക്ക് ശാശ്വത പരിഹാരവുമായെത്തുന്ന അദൃശ്യന്റെ ദൃശ്യസാന്നിദ്ധ്യവും നോവലിനെ നമ്മൾ ഇതുവരെ കാണാത്ത മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. ആ തലം ആത്മദർശനത്തിന്റേതാണെന്ന് വായനക്കാരൻ തിരിച്ചറിയുമ്പോഴാണ് 'മൃത്യുസൂത്രം" അർത്ഥപൂർണമാകുന്നത്. ദാർശനിക മാനങ്ങളുള്ള 'മൃത്യുസൂത്ര"ത്തിലെ അർത്ഥപൂർണമായ ബിംബകല്പനകളുടെ ചാരുതയും ഭാവഗീതസമാന ഭാഷയുടെ സൗന്ദര്യവും അനുഭവിക്കാൻ നോവലിൽ നിന്ന് ചില ഭാഗങ്ങൾ നോക്കുക:
സൂര്യനും ഭൂമിയും
'സൂര്യനിൽനിന്നും പൊട്ടിത്തെറിച്ച ഒരു ചുവന്ന ബിന്ദു. ആദ്യം ജ്വലിക്കുകയായിരുന്നു. പിന്നെ ഉരുകിയുറച്ചു. അസഹ്യമായ ധർമ്മസങ്കടങ്ങളാൽ മറ്റനേകം ബിന്ദുക്കളും ഇതേപോലെ സൂര്യനെവിട്ട് ഓടിപ്പോയിരുന്നു. എങ്ങനെ സഹിക്കും ഈ സ്വയം ജ്വലനം! കാലങ്ങളില്ലാത്ത ശൂന്യതയിലൂടെ അപ്പുറത്തേക്ക്, അപ്പുറത്തിനുമപ്പുറത്തേക്ക് ഒഴിഞ്ഞോടിപ്പോയ അവയൊന്നിനേയും സൂര്യൻ വിട്ടില്ല. ഒരു താളക്രമത്തിൽ തളച്ചിട്ടു. ഓടിപ്പോകാൻ നോക്കിയോ? അതിനുതക്ക ശിക്ഷ വേണം! സൂര്യകോപം എന്റെ കതിർക്കാലുകളും താങ്ങി എനിക്കുചുറ്റും പ്രദക്ഷിണം വയ്ക്കൂ! ഒടുങ്ങാത്ത പ്രദിക്ഷണം! ശയനപ്രദിക്ഷിണം!"
സ്വർഗപാത
'ഈ ഭൂമി മുഴുവൻ കാവിക്കുന്നുകളാണ്. എല്ലാ കുന്നുകളിലും ഒരേസമയം പതിനായിരത്തി പതിനൊന്നുപേർ വീതം എപ്പോഴും ഇങ്ങനെ ഈ അനുഷ്ഠാനത്തിൽ വ്യാപൃതരായിരിക്കും. താഴ്വരയിൽ നിന്നുള്ള പശിമയാർന്ന പരമാവധി മണ്ണ് കുന്നിൻ മുകളിൽ എത്തിക്കണമെന്നാണ് അനുശാസനം. അങ്ങനെയുള്ള മണ്ണ് സമൃദ്ധമായി ലഭിക്കുന്നത് താഴ്വാരത്തിൽ കുഴിക്കുന്ന കിണറുകളിൽ നിന്നാണ്. ഒരാൾ ഒരു കിണറേ കുഴിക്കാവൂ. വെള്ളംകാണുംവരെ കുഴിക്കാം. പക്ഷെ കാവിക്കുന്നിന്റെ താഴ്വരയിൽ ഇങ്ങനെ കുഴിച്ച ഒരു കിണറിലും ഇന്നുവരെ വെള്ളം കണ്ടിട്ടില്ല. അതിനാൽ ഒരിക്കൽ കുഴിക്കാൻ തുടങ്ങിയവർ ഇപ്പോഴും അതേ കിണർ കുഴിച്ചുകൊണ്ടേയിരിക്കുന്നു.
അങ്ങനെ കുഴിച്ചുകിട്ടുന്ന മണ്ണ് കുന്നിൻ മുകളിലേക്ക് കൊണ്ടുപോകാനായി ചുമന്നു മാറ്റുന്ന പ്രക്രിയ അഭംഗുരം തുടരുകയാണ്. അത്ഭുതമെന്നല്ലാതെ എന്തുപറയാൻ; എത്ര മാറ്റിയാലും ഞങ്ങളുടെ കിണറുകളിൽ മണ്ണ് ഒഴിയുന്നേയില്ല. ഞങ്ങളറിയാതെ ആരോ എപ്പോഴും ഞങ്ങളുടെ കിണറിനുള്ളിൽ വെള്ളത്തിനുപകരം അത്തരം മണ്ണ് നിറച്ചു കൊണ്ടേയിരിക്കുന്നു എന്നാണ് ഞങ്ങളുടെ സംശയം. ആ മണ്ണാണ് കുന്നിൻമുകളിലേക്ക് തലച്ചുമടായി കയറ്റുന്നത്. അങ്ങനെ കുന്നിൻമുകളിൽ മണ്ണ് എത്തിച്ചു കഴിഞ്ഞാൽ ഞങ്ങളുടെ ദൗത്യം പൂർത്തിയാകും. പക്ഷേ, ഇന്നുവരെ ആർക്കും അതിനു കഴിഞ്ഞിട്ടില്ല..."
'മൃത്യുസൂത്രം" എന്ന നോവലിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. നൂതനമായ തത്വചിന്തയുണ്ട്. അനുധാവനം ചെയ്യാതെപോയ, അല്ലെങ്കിൽ ചെയ്യാനാവാത്ത ആ തത്വചിന്തയുടെ പൊരുൾ നമ്മെ വിസ്മയിപ്പിക്കും. ഈ നോവലിൽ നാം ഇതുവരെ കാണാത്ത ജീവിതമുണ്ട്. പ്രണയമുണ്ട്. പ്രകൃതിയുണ്ട്. വർത്തമാന കാലത്തിന്റെ ചതിയുണ്ട്, പകയുണ്ട്, പ്രലോഭനങ്ങളുണ്ട്. ഇതിന്റെ സ്വീകാര്യനിരാസ മുഹൂർത്തങ്ങളുടെ സങ്കീർണ്ണത അന്തർലീനമായി ഈ നോവലിൽ കാണാം. അതു നമ്മെ വിസ്മയിപ്പിക്കും. അതുകൊണ്ടുതന്നെ മലയാളത്തിലുണ്ടായ മികച്ച നോവലാണ് 'മൃത്യുസൂത്രം." ഇതു നമ്മുടെ മനസ്സിനെ മഥിക്കും, ചിന്തയെ പ്രചോദിപ്പിക്കും.
പ്രസാധകർ: ഗ്രീൻ ബുക്‌സ്.
വില: 150 രൂപ