
ഇന്ത്യയിലെ സെഡാൻ വിപണി വർഷങ്ങളായി കയ്യടക്കിവച്ചിരിക്കുന്ന മോഡൽ എതാണെന്ന് ചോദിച്ചാൽ വാഹനപ്രേമികൾക്ക് ഒറ്റ ഉത്തരമേ ഉണ്ടാകുകയുള്ളൂ. അത് മാരുതി സുസൂക്കി ഡിസയർ. ഇന്ത്യയിൽ ഇതുവരെ 27 ലക്ഷം യൂണിറ്റ് ഡിസയറുകളാണ് വിൽപ്പന നടത്തിയത്. ഇപ്പോഴിതാ രൂപത്തിലും ഭാവത്തിലും വൻ മാറ്റവുമായി ഡിസയറിന്റെ നാലാം ജനറേഷൻ പുറത്തിറങ്ങിയ സന്തോഷത്തിലാണ് വാഹനലോകം. രൂപത്തിൽ വൻ മാറ്റം വരുത്തിയ ഡിസയർ സുരക്ഷയിലും കാര്യമായ മാറ്റം കൊണ്ടുവന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജിഎൻസിഎപി റേറ്റിംഗിൽ 5 സ്റ്റാർ സ്വന്തമാക്കിയ മാരുതി ഡിസയറിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം...
എൽഎക്സ്‌ഐ, വിഎക്സ്‌ഐ, ഇസഡ്എക്സ്‌ഐ, ഇസഡ്എക്സ്‌ഐ പ്ലസ് എന്നീ വേരിയന്റുകളിലാണ് ഡിസയർ പുറത്തിറങ്ങുന്നത്. ഇവയിൽ ഓട്ടോമാറ്റിക്ക് വേരിയന്റുകളും ഉൾപ്പെടും. ബേസ് മോഡലായ എൽഎക്സ്ഐയിൽ ഓട്ടോമാറ്റിക്ക് ഓപ്ഷൻ ലഭ്യമല്ല. വിഎക്സ്‌ഐ, ഇസഡ്എക്സ്‌ഐ എന്നീ വേരിയന്റുകളിൽ മാത്രമാണ് സിഎൻജി ഓപ്ഷൻ ലഭ്യമാകുന്നത്.
പുതിയ ഡിസയറിൽ നീളത്തിലും വീതിയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. നീളവും വീതിയും യഥാക്രമം 3,995 മില്ലീമീറ്ററിലും 1735 മില്ലീമീറ്ററിലും മാറ്റമില്ലാതെ തുടരുന്നു. എന്നാൽ ഉയരം 1,515 മില്ലീമീറ്ററിൽ നിന്ന് 1,525 മില്ലീമീറ്ററായി വർദ്ധിച്ചു. അതായത് 10 മില്ലീമീറ്റർ വർദ്ധനവ്. വീൽബേസിനും ഗ്രൗണ്ട് ക്ലിയറൻസിനും മാറ്റമില്ല. നിലത്തു നിന്ന് 163 മില്ലിമീറ്റർ ഉയരത്തിലും ടയറുകൾ തമ്മിലുള്ള അകലം 2450 മില്ലിമീറ്ററുമാണ്.
പുതിയ തലമുറ സ്വിഫ്റ്റിൽ നിന്ന് കടമെടുത്ത്, പരിഷ്‌കരിച്ച Z12E മോട്ടോർ 3സിലിണ്ടർ എഞ്ചിനാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 82 എച്ച്പി പവർ ഔട്ട്പുട്ടും 112 എൻഎം ടോർക്കും പുറപ്പെടുവിക്കും. 5 സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് പുതിയ തലമുറ ഡിസയർ നേടിയിട്ടുണ്ട്. 6 എയർബാഗുകൾ, ഹിൽഹോൾഡ് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡീഫോഗർ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സൺറൂഫ് എന്നിവയും പുതിയ ഡിസയറിലുണ്ട്.
9 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, വയർലെസ് ആൻഡോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 360ഡിഗ്രി ക്യാമറ, കീലെസ് എൻട്രി എന്നിവയും നാലാം തലമുറ ഡിസയറിന്റെ മറ്റ് പ്രത്യേകതകളാണ്. മാനുവൽ ഓപ്ഷനുകൾക്ക് 24.79 കിലോ മീറ്റർ മൈലേജും. എഎംടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷന് 25.71 കിലോ മീറ്റർ മൈലേജും സിഎൻജി മോഡലുകൾക്ക് 33.73 കിലോ മീറ്റർ മേലാജാണ് ലഭിക്കുക.