kollam-

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ വീഴ്ചയുള്ളതായി ആർ.പി.എഫ് പലതവണ റിപ്പോർട്ട് ചെയ്തിട്ടും റെയിൽവേയ്ക്ക് കുലുക്കമില്ല. കൂടുതൽ സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആർ.പി.എഫ് റെയിൽവേയ്ക്ക് നിർദ്ദേശം നൽകി മാസങ്ങളായിട്ടും തുടർനടപടികൾ വൈകുകയാണ്. തിരുവനന്തപുരം ഡിവിഷൻ സിഗ്നൽ ആൻഡ് ടെലികമ്മ്യുണിക്കേഷൻ എൻജിനിയർക്കും സെക്യുരിറ്റീസ് കമാൻഡിനുമാണ് നിർദ്ദേശം നൽകിയത്.

അടിയന്തര പ്രാധാന്യമുള്ള വിഷയമായിട്ടും റെയിൽവേ നടപടി സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരം ഡിവിഷനിൽ നിന്ന് റെയിൽവേ മഡ്രാസ് സോണൽ ഓഫീസിലേക്ക് ഫയൽ അയച്ചാലേ ക്യാമറകൾ സ്ഥാപിക്കാനുള്ള ഫണ്ട് അനുവദിക്കൂ. തുടർന്ന് ടെണ്ടർ നടപടികൾ പൂർത്തിയാക്കി നടപടികളിലേയ്ക്ക് കടക്കാൻ ആറ് മാസത്തിലധികം വേണ്ടിവരും.

അത്യാധുനിക സംവിധാനങ്ങളുള്ള 74 ക്യാമറകൾ സ്ഥാപിക്കണമെന്നാണ് ആർ.പി.എഫിന്റെ നിർദ്ദേശം. നിലവിലുള്ള 19 ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. 13 വർഷം മുമ്പാണ് ഈ ക്യാമറകൾ സ്ഥാപിച്ചത്. ദൃശ്യങ്ങൾക്ക് വ്യക്തതയും കുറവാണ്. മൂന്ന് വർഷത്തെ വാറന്റിക്ക് ശേഷം വാർഷിക അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും പിന്നീട് മുടങ്ങി. കുറ്റകൃത്യങ്ങളിൽ തെളിവ് ശേഖരിക്കുന്നതിനും പ്രതികളെക്കുറിച്ച് സൂചനകൾ ലഭിക്കുന്നതിനും പ്രയോജനപ്പെടേണ്ട ക്യാമറകൾ നിശ്ചലമായത് ആർ.പി.എഫിനെയും ബുദ്ധിമുട്ടിക്കുകയാണ്.

റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നിർമ്മാണം നടക്കുമ്പോഴും സുരക്ഷ പേരിലൊതുങ്ങി. ഒന്ന് എ പ്ലാറ്റ്‌ഫോമിന് സമീപവും ഫാത്തിമ കോളേജിനും കർബല മേൽപാലത്തിന് സമീപവും ക്യാമറകൾ ഇല്ലാത്തതിനാൽ ആർക്കും ഏത് സമയത്തും ട്രാക്കിലേക്കും സ്‌റ്റേഷനിലേക്കും പ്രവേശിക്കാവുന്ന അവസ്ഥയാണ്. രാത്രിയിൽ അഞ്ച് പ്ലാറ്റ് ഫോമുകളിലും പലയിടത്തും വെളിച്ചമുണ്ടാകില്ല. ആൾപാർപ്പില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സും പരിസരവും കാടുപിടിച്ചുകിടക്കുന്നു. കുറ്റവാളികൾ താവളമാക്കിയ ഇവിടെ കുപ്പിയും മാലിന്യങ്ങളും നിറഞ്ഞു.

സി.സി ടിവി ക്യാമറകളില്ല

 റെയിൽവേ സ്റ്റേഷനും പരിസരവും സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും താവളം

 ഗുരുതര സുരക്ഷാ ഭീഷണിയെന്ന് റെയിൽവേ പൊലീസിന്റെ മുന്നറിയിപ്പ്

 സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന റിപ്പോർട്ടുകൾ റെയിൽവേ നിരന്തരം അവഗണിക്കുന്നു

 മാസങ്ങൾക്ക് മുമ്പാണ് തൃക്കരുവ സ്വദേശിയെ ഒന്ന് എ പ്ലാറ്റ്‌ഫോമിന് സമീപം കുത്തിക്കൊലപ്പെടുത്തിയത്

 ഈ ഭാഗത്ത് സി.സി ടി.വി ക്യാമറകൾ ഇല്ലാത്തതിനാൽ പ്രതിയെ കണ്ടുപിടിക്കാൻ പ്രയാസപ്പെട്ടു

 ആർ.പി.എഫ് ഓഫീസിന് സമീപം കേബിൾ മുറിച്ചുമാറ്റിയിടത്തും സി.സി ടി.വി ഇല്ല

രണ്ടാം കവാടത്തിനും ഗോഡൗണിനും സമീപം ക്യാമറയില്ലാത്തത് സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാർക്ക് ഇത് ഭീഷണി ഉയർത്തുന്നുണ്ട്.

യാത്രക്കാർ