
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരരുടെ ഭീഷണിയെ തുടർന്ന് ടൊറന്റോയിലെ ബ്രാംപ്ടൺ ത്രിവേണി കമ്മ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ്
നടത്താനിരുന്ന പരിപാടി റദ്ദാക്കി. ലൈഫ് സർട്ടിഫിക്കറ്റ് വിതരണമാണ് നടത്താനിരുന്നത്.
ഹിന്ദു, സിഖ് വിഭാഗക്കാർക്കായാണ് 16, 17 തീയതികളിൽ സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് ക്യാമ്പ് നടത്താൻ തീരുമാനിച്ചത്. ആക്രമണത്തിനു സാദ്ധ്യതയുള്ളതിനാൽ ക്യാമ്പ് മാറ്റിവയ്ക്കുകയാണെന്ന് അധികൃതർ വിശദീകരിച്ചു. ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് പീൽ റീജിയണൽ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ക്യാമ്പിനായി കാത്തിരുന്ന എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഇപ്പോൾ സുരക്ഷിതമല്ലെന്ന് തോന്നുന്നതിൽ ദുഃഖമുണ്ടെന്നും ക്ഷേത്രം അധികൃതർ പറഞ്ഞു. കനേഡിയൻ ഹിന്ദു സമൂഹത്തിനും പൊതുജനങ്ങൾക്കും സുരക്ഷ നൽകാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോദ്ധ്യയുടെ അടിത്തറ ഇളക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് വീഡിയോ പുറത്തുവിട്ടിരുന്നു. അതിൽ 16ന് ടൊറന്റോയിലെ കലിബരി ക്ഷേത്രത്തിലും 17ന് ബ്രംപ്ടണിലെ ത്രിവേണി ക്ഷേത്രത്തിലും ഇന്ത്യൻ നയതന്ത്രജ്ഞരെ ആക്രമിക്കുമെന്നും പറഞ്ഞിരുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെയുള്ള വീഡിയോയാണ് പങ്കുവച്ചിരുന്നത്. നവംബർ മൂന്നിന് ബ്രാംപ്ടൺ ത്രിവേണി ക്ഷേത്രത്തിൽ നടന്ന ക്യാമ്പിലേക്ക് ഖലിസ്ഥാനി സംഘടനയിലുള്ളവർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്നവരെ വടികൊണ്ട് മർദ്ദിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചു. സംഭവം കാനഡയിലും പുറത്തും വ്യാപക വിമർശനത്തിന് ഇടയാക്കി. കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ബോധപൂർവമായ ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യൻ നയതന്ത്രജ്ഞരെ ഭയപ്പെടുത്താനുള്ള ഭീരുത്വം നിറഞ്ഞ ശ്രമങ്ങൾ ലജ്ജാകരമാണെന്നും കനേഡിയൻ അധികാരികൾ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. അതേസമയം, എല്ലാവർക്കും അവരവരുടെ മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരിക്കുകയും ചെയ്തു.