
ചോറ്റാനിക്കര: ചോറ്റാനിക്കര സ്വദേശിയായ 15കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ കാസർകോട് പുല്ലൂർ വേലേശ്വരം ഭാഗത്ത് അല്ലംകൊട്ട് വീട്ടിൽ ശ്രീഹരി(23) അറസ്റ്റിലായി. കുട്ടിയെ കാണാനില്ലെന്ന് അമ്മ ചോറ്റാനിക്കര പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഇൻസ്റ്റഗ്രാം വഴി കുട്ടിയെ പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നൽകി വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് എത്തി ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് കുട്ടിയെ കാസർകോട്ടെ വീട്ടിലേക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. കോഴിക്കോട് ബീച്ചിലൂടെ രണ്ട് ദിവസം കറങ്ങി നടന്ന യുവാവിനെയും കുട്ടിയെയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പറഞ്ഞത്. പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ, ചോറ്റാനിക്കര ഇൻസ്പെക്ടർ കെ.എൻ. മനോജ്, എസ്.ഐമാരായ എം.വി. റോയി, കെ. സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.