d

ബീജിംഗ്: തെക്കൻ ചൈനയിലെ ഷുഹായ് സ്‌പോർട്‌സ് സെന്ററിൽ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി 62കാരൻ 35 പേരെ കൊലപ്പെടുത്തി. 43 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ല. തിങ്കളാഴ്ച വൈകിട്ടോടെയാണ് 62കാരൻ എസ്‌യുവി ജനങ്ങൾക്കിടയിലേക്ക് ഓടിച്ചുകയറ്റിയത്. വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് വീതം വയ്ക്കലിൽ അസംതൃപ്തനായ 62കാരൻ മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപകടത്തിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അറസ്റ്റുചെയ്തു. പ്രതി കത്തി കൊണ്ട് സ്വയം കഴുത്തിൽ മുറിവേൽപിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സാദ്ധ്യമായിട്ടില്ല.

ചൈനീസ് പട്ടാളത്തിന്റെ ( പീപ്പിൾസ് ലിബറേഷൻ ആർമി ) വാർഷിക ഏവിയേഷൻ എക്സ്ബിഷൻ ഷൂഹായ് നഗരത്തിലാണ്. പ്രദർശന സ്ഥലത്തിന് 40 കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായത്. റഷ്യ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർഗെയ് ഷിയോഗു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ആക്രമണത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.

ചൈനീസ് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്ന ആക്രമണത്തിന്റെ വീഡിയോകൾ ഇന്നലെ രാവിലെ നീക്കി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദ്ദേശിച്ചു. കുറ്റവാളിക്ക് നിയമപ്രകാരം കഠിനമായ ശിക്ഷ നൽകുമെന്നും പറഞ്ഞു.

ഒക്ടോബറിൽ, ബീജിംഗിലെ ഒരു സ്കൂളിൽ കുട്ടികളെ കത്തി ഉപയോഗിച്ച് ആക്രമിച്ചതിന് 50 വയസുകാരനെ കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ച് പേർക്ക് പരിക്കേറ്റു. സെപ്തംബറിൽ ഷാംഗ്ഹായ് സൂപ്പർമാർക്കറ്റിലുണ്ടായ കത്തി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

സിയാംഗ്ഷൂ കായിക

കേന്ദ്രം അടച്ചു

സംഭവത്തെ തുടർന്ന് സ്‌പോർട്‌സ് സെന്റർ അടച്ചിടുമെന്ന് കേന്ദ്രം അറിയിച്ചു. സിയാംഗ്ഷൂ നഗര ജില്ലയ്‌ക്കായുള്ള സ്‌പോർട്‌സ് സെന്ററിൽ പതിവായി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. ട്രാക്ക് ഫീൽഡിൽ ഓടാനും ഫുട്ബാൾ കളിക്കാനും നൃത്തം ചെയ്യാനുമാകും.