
മോസ്കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാൻ ‘മിനിസ്ട്രി ഒഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനൊരുങ്ങി റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷൻ സമിതി അദ്ധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്നാണ് റിപ്പോർട്ട്. ജോലിക്കിടയിലെ ഒഴിവുവേളകളിൽ ‘പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന’ ആഹ്വാനം പുട്ടിൻ നേരത്തേ നടത്തിയിരുന്നു. മൂന്നാം വർഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ൻ യുദ്ധത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്തെ ജനനനിരക്കിൽ കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താനുതകുന്ന നടപടികൾ എടുക്കണമെന്ന് പുട്ടിൻ ആവശ്യപ്പെട്ടിരുന്നു.
നിർദ്ദേശങ്ങൾ
രാത്രി പത്തിനും പുലർച്ചെ രണ്ടിനും ഇടയിൽ ലൈറ്റുകളും ഇന്റർനെറ്റും ഒഫ് ചെയ്ത് പങ്കാളികൾ തമ്മിലുള്ള അടുപ്പവും സ്വകാര്യനിമിഷങ്ങൾ പങ്കുവക്കാനുള്ള സാഹചര്യവും വർദ്ധിപ്പിക്കുക.
മക്കളുള്ള വീട്ടമ്മമാർക്ക് ശമ്പളം നൽകുക. ഇത് പെൻഷനിലും ഉൾപ്പെടുത്തും.
ആദ്യത്തെ ഡേറ്റിംഗിന് 5000 റൂബിൾ വരെ (ഏകദേശം 4395 രൂപ) സർക്കാരിന്റെ സാമ്പത്തികസഹായം.
വിവാഹദിനം ഹോട്ടലില്‍ ചെലവഴിക്കാൻ ദമ്പതിമാർക്ക് സാമ്പത്തികസഹായം നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. വിവാഹദിവസം രാത്രി ഹോട്ടലിൽ താമസിക്കുന്നതിന് 26,300 റൂബിൾ വരെ (ഏകദേശം 23,122 രൂപ) സാമ്പത്തിക സഹായം നൽകുന്നതാണ് പരിഗണിക്കുന്നത്. ഇതിലൂടെ ഗർഭധാരണം പ്രോത്സാഹിപ്പിക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.