
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത മുറ എന്ന ചിത്രത്തിന്റെ നട്ടെല്ലുകളിലൊന്നാണ് മാല പാർവതി അവതരിപ്പിച്ച രമ ചേച്ചി. വേറിട്ട വേഷപ്പകർച്ചയിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച മാല പാർവതി പുതിയ വിശേഷങ്ങൾ പങ്കിടുന്നു.
രമ എന്ന കഥാപാത്രമാകാൻ നടത്തിയ മുന്നൊരുക്കം ?
തിരുവനന്തപുരത്ത് ജീവിക്കുന്നതിനാൽ ഭാഷ വശമാണ്. കണ്ണൻ ഭായിക്ക് (തിരക്കഥാകൃത്ത് സുരേഷ് ബാബു) കഥാപാത്രത്തെക്കുറിച്ച് ബോദ്ധ്യമുണ്ട്. പല ആവർത്തി തിരക്കഥ വായിച്ചു. അഭിനയത്തിൽ എന്റെ ഗുരു എം.ജി. ജ്യോതിഷാണ്. ഓരോ കഥാപാത്രം ലഭിക്കുമ്പോഴും ജ്യോതിഷുമായി ആശയവിനിമയം നടത്തും. ജ്യോതിഷിനൊപ്പം പലതവണ തിരക്കഥ വായിച്ച് കഥാപാത്രത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചു. മാസ്റ്റർ പീസ് വെബ് സീരീസ് കഴിഞ്ഞ് നല്ല വണ്ണം വച്ചിട്ടുണ്ടായിരുന്നു. രമയാകാൻ മെലിഞ്ഞു. രണ്ടുനേരം ജിമ്മിൽ നന്നായി വർക്കൗട്ട് ചെയ്തു. ലുക്കും കോസ്റ്റ്യൂസും സഹായിച്ചു. റോണക്സ് സേവ്യറാണ് ലുക്ക് ഡിസൈൻ ചെയ്തത്. ലിനിയും അമലും മേക്കപ്പിൽ സഹായിച്ചു. നിസാറിന്റെ കോസ്റ്റ്യുംസും കളറും എല്ലാം കൃത്യമായി വന്നു. കഥാപാത്രത്തിന്റെ പിന്നാമ്പുറം സ്വയം തേടി. രായണ്ണൻ എന്ന കോൺട്രാക്ടറുടെ ഭാര്യ,മകന്റെ ജീവിതം, എല്ലാത്തിനും നടുവിൽ പല പ്രശ്നങ്ങളിൽ ജീവിക്കുന്ന രമയെ ഞാൻ കണ്ടു. സുരേഷ് ബാബുവിന്റെയും മുസ്തഫയുടെയും ഉള്ളിലെ കഥാപാത്രത്തെ നല്ലപോലെ തിരിച്ചറിഞ്ഞശേഷം മനസിലിട്ട് പാകപ്പെടുത്തി.
കഥാപാത്രം ശ്രദ്ധേയമാകുമ്പോൾ കരിയറിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുമോ ?
ഒരു കഥാപാത്രം അവതരിപ്പിക്കുമ്പോൾ കരിയറിൽ മാറ്റം വരുത്തുമെന്ന് ആലോചിക്കാറില്ല. സംവിധായകന് പൂർണ തൃപ്തി ഉണ്ടാകണം എന്നതിനാണ് പ്രാധാന്യം നൽകുന്നത്. അതിൽ തന്നെയാണ് നിൽക്കുക. മുസ്തഫ മികച്ച സംവിധായകനാണ്. കഥാപാത്രത്തെപ്പറ്റി കൃത്യമായ ധാരണയുണ്ട്. സുരാജ് വെഞ്ഞാറമൂടിന് ഒപ്പമാണ് അഭിനയിക്കുന്നത്. ദേശീയ അംഗീകാരം ലഭിച്ച നടനാണ്. അപ്പോൾ നൂറ് ശതമാനം മികച്ചത് തന്നെ നൽകണമെന്ന് ആഗ്രഹിച്ചു. അഭിനയം മോശമാകരുതെന്ന ചിന്ത ഇപ്പോൾ ശക്തമാണ് . കാരണം ഒാരോ സിനിമയെയും മാർക്കിടുന്ന വലിയ ഒരു വിഭാഗം കാഴ്ചക്കാരുണ്ട്.ഭീഷ്മപർവ്വം കഴിഞ്ഞപ്പോൾ നല്ല കഥാപാത്രങ്ങൾ ഇനി വരുമെന്ന് പലരും പറഞ്ഞു. രണ്ടുവർഷം സിനിമ ചെയ്തില്ല. സിനിമയുടെ കാര്യത്തിൽ ഒന്നും പറയാൻ കഴിയില്ല. ചിലപ്പോൾ ഒരു സിനിമയിൽ നന്നായാൽ അതിന്റെ കോപ്പി പോലെ അടുത്തതു വരും. അങ്ങനെ ചെയ്യാൻ താത്പര്യമില്ല. മാസ്റ്റർപീസിലെ ആനിയമ്മ കഴിഞ്ഞപ്പോൾ കോമഡി വേഷങ്ങൾ വരുമെന്ന് പറഞ്ഞു. അങ്ങനെയും സംഭവിച്ചില്ല. സിനിമയിൽ നല്ല കഥാപാത്രം ചെയ്താൽ ജീവിതം സുരക്ഷിതമാകുമെന്ന് വിശ്വസിക്കുന്നില്ല. ഇന്ന് മലയാള സിനിമയിൽ ഒരു നല്ല കഥാപാത്രം ചെയ്താൽ അത് ഇന്ത്യയുടെ മുഴുവൻ ശ്രദ്ധ ലഭിക്കുമെന്ന തരത്തിലാണ് കാര്യങ്ങൾ.
ബോളിവുഡ് വരെ എത്തി നിൽക്കുന്ന അഭിനയയാത്ര എങ്ങനെയുണ്ട് ?
ഗോദ മുതൽ സിനിമയിലെ യാത്ര നല്ലതു തന്നെയാണ്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു.കൂടെയിലെ ലില്ലി, ആൻഡ്രോയ്ഡ്കുഞ്ഞപ്പനിലെ സൗദാമിനി,തമിഴ് തെലുങ്ക് ചിത്രമായ ഗെയിം ഒാവറിലെ ഡോ. റീന, ടക്ക് ജഗദീഷിലെ അർജുനമ്മ, ബോളിവുഡ് ചിത്രം സലാം വെങ്കിയിലെ ക്ളാര, ഭീഷ്മപർവ്വത്തിലെ മോളി, മാസ്റ്റർ പീസിലെ ആനിയമ്മ, എആർഎമ്മിലെ മുത്തശ്ശി, വിശേഷത്തിലെ ഡോക്ടർ .ലുക്കി ൽ പോലും സാമ്യതയില്ലാത്ത കഥാപാത്രങ്ങൾ ലഭിക്കുന്നു. അതിനാൽ ശുഭ പ്രതീക്ഷയുണ്ട്. ഇനിയും നല്ല സംവിധായകരുടെ സിനിമയിൽ അഭിനയിക്കണം.കഥാപാത്രത്തെ സത്യസന്ധമായി സമീപിക്കണമെന്ന ആഗ്രഹവും സ്വപ്നവും എപ്പോഴും മനസിലുണ്ട്. 365 ദിവസവും സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹത്തിലാണ് ഞാൻ.