
അനീതിക്കെതിരെ ചൂളം വിളിച്ചുകൊണ്ട് സാമൂഹിക ശുദ്ധീകരണ പ്രക്രിയയിൽ ഏർപ്പെടുന്ന ചിലരെങ്കിലുമുണ്ട്. അപകടം പിടിച്ച പണിയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് അവർ കടന്നുവരുന്നത്. ചിലപ്പോഴെങ്കിലും നമ്മൾ അവരെ ബുദ്ധിശൂന്യരെന്നോ വിവരദോഷികളെന്നോ തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, അവർ ചിലപ്പോൾ സമൂഹത്തിനു വേണ്ടി സത്യത്തിന്റെ ചാലകശക്തികളായി മാറും. അവരുടെ നിശ്ചയദാർഢ്യത്തെയും ചങ്കൂറ്റത്തെയും പരിഹസിക്കുകയല്ല, മറിച്ച് അഭിനന്ദിക്കുകയാണ് വേണ്ടത്.
നിയമത്തിന്റെയോ ചട്ടത്തിന്റെയോ ലംഘനം, വഞ്ചന, സുരക്ഷാ- ആരോഗ്യ മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങി, പൊതുതാത്പര്യത്തിനു ഭീഷണിയായ പ്രവൃത്തികൾ, അഴിമതി, സ്വജനപക്ഷപാതം മുതലായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിക്കുന്ന രഹസ്യ വിവരം അധികാരികൾക്കു നല്കുന്ന ആളെയാണ് 'വിസിൽ ബ്ലോവർ" എന്നു വിശേഷിപ്പിക്കുന്നത്. അനീതിക്ക് എതിരെ ചൂളം വിളിച്ചുകൊണ്ട് ആ വിഷയത്തിലേക്ക് പൊതുസമൂഹത്തിന്റെ ശ്രയാകർഷിക്കുന്നു എന്ന അർഥത്തിൽ 'വിസിൽ ബ്ലോവർ" എന്ന വാക്ക് അമേരിക്കയിലെ പൗരാവകാശ പ്രവർത്തകനായ റാൽഫ് നടേർ ആണ് 1970-കളിൽ ഉപയോഗിച്ചു തുടങ്ങിയത്.
അഴിമതി വിവരം പരസ്യമാക്കുന്നയാളെ (വിസിൽ ബ്ലോവർ) സംരക്ഷിക്കാൻ 2011 ഡിസംബറിൽ നമ്മുടെ ലോക്‌സഭയും, 2014 ഫെബ്രുവരിയിൽ രാജ്യസഭയും 'വിസിൽ ബ്ലോവേഴ്സ് പ്രൊട്ടക്ഷൻ ബിൽ" പാസാക്കി. ഇതിന് 2014 മേയ് മാസം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും ഇതിനായി കമൻസ്‌മെന്റ് വിജ്ഞാപനം ഇതുവരെ ഇറങ്ങിയിട്ടില്ല. നിയമം ഫലപ്രദമല്ലെന്ന വിലയിരുത്തലിൽ ചില ഭേദഗതികളോടെ 2015-ൽ പാർലമെന്റിൽ ബിൽ കൊണ്ടുവന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇതു രാജ്യസഭയിൽ പാസായതുമില്ല.
സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുറന്നുകാട്ടുന്ന വിസിൽ ബ്ലോവർമാർക്ക് സംരക്ഷണം വ്യവസ്ഥ ചെയ്യുന്നതിനായി ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് വിസിൽ ബ്ലോവർ സംരക്ഷണ നിയമം (2011). രാജ്യത്ത് വിവരാവകാശ പ്രവർത്തകർ ഉൾപ്പെടെ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സുപ്രീം കോടതിയുടെ നിർദേശ പ്രകാരവും, ലാ കമ്മിഷന്റെ ശുപാർശയോടെയുമാണ് ബിൽ കൊണ്ടുവന്നത്. ഈ നിയമം നടപ്പിലായില്ലെങ്കിലും വിവരാവകാശ പ്രവർത്തകരെയും, അഴിമതി പുറത്തുകൊണ്ടുവരുന്നവരെയും സംരക്ഷിക്കാൻ ഉത്തരവിറക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാർ 2010-ൽ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 2010 ഒക്ടോബർ 14-ന് കേരള സർക്കാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. ഈ ആക്ടിലെ വ്യവസ്ഥകൾ, 1988-ൽ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്ന നിലയിൽ രൂപീകരിച്ചിട്ടുള്ള കേന്ദ്ര സായുധ സേനകൾക്ക് ബാധകമല്ല.
പൊതുതാത്പര്യ
വെളിപ്പെടുത്തൽ
1923- ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ വ്യവസ്ഥകളിൽ എന്തു തന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും പബ്ലിക് സെർവന്റിനോ, സർക്കാരിതര സംഘടന ഉൾപ്പെടെ മറ്റേതെങ്കിലും വ്യക്തിക്കോ അധികാര കേന്ദ്രത്തിനു മുമ്പാകെ ഒരു പൊതുതാത്പര്യ വെളിപ്പെടുത്തൽ നടത്തുന്നത് അനുവദനീയമാണ്. എന്നാൽ, ചില കാര്യങ്ങൾ വെളിപ്പെടുത്താൻ പാടില്ലാത്തവയാണ്. ഇന്ത്യയുടെ പരമാധികാരത്തെയോ, അവണ്ഡതയെയോ, രാജ്യത്തിന്റെ സുരക്ഷിതത്വത്തെയോ, അയൽ രാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തെയോ, പൊതു സമാധാനാന്തരീക്ഷത്തെയോ, മാന്യതയെയോ, ധാർമ്മികതയെയോ ദോഷകരമായി ബാധിക്കുന്നതും,കോടതിയ ലക്ഷ്യമാകുന്നും, മാനഹാനി ഉണ്ടാക്കുന്നതുമായ യാതൊന്നും വെളിപ്പെടുത്തിക്കൂടാ. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ക്യാബിനറ്റ്, നടപടിക്രമങ്ങളും ഈ പട്ടികയിൽപ്പെടുന്നു.
അന്വേഷണ
വിചാരണ
പൊതുതാത്പര്യം മാനിച്ചുള്ള വെളിപ്പെടുത്തൽ സ്വീകരിക്കുന്നതിന്മേലുള്ള, നിയമപരമായി ക്ഷമതയുള്ള അധികാര കേന്ദ്രത്തിന്റെ അധികാരങ്ങളും ചുമതലകളും നിർവചിച്ചിട്ടുള്ളത് നാലാം വകുപ്പിനു കീഴിലാണ്. പരാതിക്കാരൻ സ്വയമേവ പൊതുതാത്പര്യ വെളിപ്പെടുത്തൽ നടത്തുമ്പോൾ, ഒരിടത്തും അയാൾ സ്വന്തം പേരോ, തിരിച്ചറിയാൻ ഉതകുന്ന മറ്റു വിവരങ്ങളോ വെളിപ്പെടുത്താത്ത പക്ഷം അയാളുടെ 'ഐഡന്റിറ്റി" (വ്യക്തിത്വം) രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
1850-ലെ പബ്ലിക് സെർവന്റ്സ് (അന്വേഷണ വിചാരണ ) ആക്ടിനു കീഴിൽ ഔപചാരികവും പൊതുവായതുമായ ഒരു അന്വേഷണ വിചാരണയ്ക്ക് ഉത്തരവായിട്ടുള്ളതോ, 1952- ലെ കമ്മിഷൻസ് ഒഫ് എൻക്വയറി ആക്ടിനു കീഴിൽ അന്വേഷണ വിചാരണയ്ക്ക് റഫർ ചെയ്തിട്ടുള്ളതോ, പരാതിക്ക് ആധാരമായ സംഭവം നടന്ന തീയതിക്ക് ഏഴുവർഷം കഴിഞ്ഞതിനു ശേഷമാണെങ്കിലോ ആ വെളിപ്പെടുത്തൽ അന്വേഷിക്കേണ്ടതില്ല.
ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുന്ന വ്യക്തികൾ ഏതെങ്കിലും വിധത്തിലുള്ള നടപടിയിലൂടെയോ മറ്റു വിധത്തിലോ ഇരകളാക്കപ്പെടുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പു വരുത്തേണ്ടതുണ്ട്. പരാതിക്കാരന്റെ വ്യക്തിത്വം (ഐഡന്റിറ്റി) വെളിപ്പെടുത്തുന്നതിന് ശിക്ഷയായി നിയമത്തിലെ വകുപ്പ് 16 അനുസരിച്ച് രണ്ടുവർഷത്തെ തടവും, അമ്പതിനായിരത്തോളം രൂപ പിഴയും വിധിക്കാവുന്നതാണ്.
വെളിപ്പെടുത്തൽ
വ്യാജമെങ്കിൽ
തെറ്രായ വെളിപ്പെടുത്തലുകൾ നടത്തിയാൽ രണ്ടു വർഷം തടവും മുപ്പതിനായിരത്തോളം രൂപയും കൂടിയാണ് ശിക്ഷ (വകുപ്പ് 17). ധനകാര്യ വകുപ്പ് അഡിഷണനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന് എതിരെ സമൂഹമാദ്ധ്യമത്തിലൂടെ തുടർച്ചയായി കുറിപ്പുകൾ എഴുതിയ കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് പ്രതീക്ഷിക്കുന്ന 'ഇന്ത്യൻ വിസിൽ ബ്ലോവേഴ്സ് പ്രൊട്ടക്ഷൻ ആക്ട്"പ്രകാരമു ള്ള സംരക്ഷണം അദ്ദേഹത്തിനു ലഭിക്കാൻ എളുപ്പമല്ല. കാരണം, ഈ കേന്ദ്രനിയമം ഇനിയും രാജ്യത്ത് നടപ്പാക്കിയിട്ടില്ല. അതുകൊണ്ടു തന്നെയാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ഇരുവർക്കുമെതിരെ സസ്‌പെൻഷൻ നടപടിയുണ്ടായതും!
(സെക്രട്ടേറിയറ്റ് നിയമ വകുപ്പിൽ അണ്ടർ സെക്രട്ടറിയാണ് ലേഖകൻ)