-indians

ഒരു ദിവസം എത്ര നേരം നമ്മൾ ഭക്ഷണം കഴിക്കും. ആരോടും ചോദിച്ചാലും പറയുന്ന കാര്യം മൂന്ന് നേരമെന്നാണ്. രാവിലെ, ഉച്ചയ്ക്ക്, രാത്രി. അപ്പോൾ വെെകുന്നേരം ചായകുടിക്കുമ്പോൾ അതിനൊപ്പം കഴിക്കുന്നതോ? ഇത്തരത്തിൽ മൂന്നിൽ കൂടുതൽ തവണ ഭക്ഷണം കഴിക്കുന്നവരാണ് ഇന്ത്യക്കാർ. ശരിക്കും ഒരു ദിവസം എത്രതവണ ഭക്ഷണം കഴിക്കണമെന്ന് നിങ്ങൾക്ക് അറിയാമോ?ചരിത്രത്തിൽ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം.

ചരിത്രം

ഒരു ദിവസം മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് ഇന്ത്യക്കാരുടെ പതിവാണ്. അതിൽ പ്രഭാതഭക്ഷണം ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ ഇന്ത്യൻ ഭക്ഷണത്തിന്റെ ഭാഗമല്ല ഈ പ്രഭാതഭക്ഷണം എന്ന് എത്രപേർക്ക് അറിയാം. 14-ാം നൂറ്റാണ്ട് വരെ ഇന്ത്യയിൽ പ്രഭാത ഭക്ഷണം കഴിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണമാണ് ആദ്യം കഴിക്കുന്നത്. ശേഷം അത്താഴം. ഭൂവുടമകളും കർഷകരും കച്ചവടക്കാരും ആയിരുന്ന ആ സമയത്ത് ഈ രീതിയായിരുന്നു അവർക്ക് അനുയോജ്യമെന്ന് നെക്സ്റ്റ് ജി അപെക്സ് ഇന്ത്യ പ്രെെവറ്റ് ലിമിറ്റഡിന്റെ സിഇഒ അമർനാഥ് ഹാലെംബർ അഭിപ്രായപ്പെട്ടു.

food

പിന്നാലെ ഇന്ത്യക്കാർ വയലിലും വീടുകളിലും ഫാക്ടറികളിലും ജോലി കണ്ടെത്തി തുടങ്ങിയപ്പോൾ ഭക്ഷണ ശീലങ്ങളും മാറി തുടങ്ങി. 19-ാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവ് ചായ, കാപ്പി പ്രഭാതഭക്ഷണം എന്നിവ ഒരു ഔപചാരിക ഭക്ഷണ രീതിയാക്കി അവതരിപ്പിച്ചു. ഇത് പിന്നെ ഇന്ത്യക്കാർ പിന്തുടരാൻ തുടങ്ങി. പ്രത്യേകിച്ചും ഉയർന്നവർ.

ഈ ശീലം ശരിയാണോ?

ദുബായിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോഷകാഹാര വിദഗ്ധൻ എശാങ്ക വാഹിയുടെ അഭിപ്രായപ്രകാരം ഒരു ദിവസം രണ്ട് മുതൽ രണ്ടരവരെ ഭക്ഷണം മതിയാകും. മൂന്ന് നേരം വിഭവ സമൃദമായ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഇന്ത്യക്കാരോട് അദ്ദേഹം പറയുന്നു. പകരം പരിപ്പ് പോലുള്ള ലഘുഭക്ഷണം ഒരുനേരം കഴിക്കാൻ ആവശ്യപ്പെടുന്നു. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് വിശപ്പിന്റെ സൂചനകളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

food

ഇന്ത്യക്കാരുടെ ഭക്ഷണശീലം

ഇന്ത്യക്കാരുടെ സാധാരണ ഭക്ഷണക്രമം കാർബോഹെെഡ്രേറ്റുകളും കൊഴുപ്പുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് വിശപ്പ് വർദ്ധിപ്പിക്കുന്നുവെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ ഭക്ഷണം നിരവധി വെെവിദ്ധ്യങ്ങൾ നിറഞ്ഞതാണ്. ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ മസാല, നിറം എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകുന്നു. ഇത് തലച്ചോറിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാനും കാരണമാകുന്നുവെന്ന് മുതിർന്ന ഡോക്ടർ മധുസൂദൻ സിംഗ് സോളങ്കി പറയുന്നു. ഇന്ത്യക്കാരുടെ ഭക്ഷണം സ്നേഹത്തിന്റെയും കൂടി പ്രതീകമാണ്. ഭക്ഷണത്തിലൂടെ പല ആഘോഷങ്ങളെയും വരവേൽക്കാറുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു.

food

എത്ര തവണ ഭക്ഷണം കഴിക്കണം

വിദഗ്ധർ ഇക്കാര്യത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാം. എശാങ്ക വാഹിയുടെ അഭിപ്രായത്തിൽ ഗർഭിണികളെയും പ്രമേഹമുള്ളവരെയും ഒഴിച്ച് ബാക്കിവരുന്നവർ ഒരു ദിവസം രണ്ട് തവണയോ രണ്ടര തവണയോ ഭക്ഷണം കഴിക്കാൻ പറയുന്നു. സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ഭക്ഷണം കഴിക്കാനും അദ്ദേഹം നിർദേശിക്കുന്നു. അതായത് ഉച്ചയ്ക്ക് 12 മണിക്ക് കഴിച്ചാൽ പിന്നെ വെെകുന്നേരം ആറ് മണിക്ക് കഴിക്കുക. ശരിയായ ദഹനത്തിന് ഇത് നല്ലതാണെന്നും എശാങ്ക പറയുന്നു.

food

ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യാ ഹോസ്പിറ്റലിലെ പ്രധാന പോഷകാഹാര വിദഗ്ധനും ഡയറ്റീഷ്യനുമായ പർമീത് കൗർ മൂന്ന് നേരത്തെ ഭക്ഷണക്രമമാണ് നിർദേശിക്കുന്നത്. അതായത് പ്രഭാതഭക്ഷണത്തിന് 400-500 കലോറിയും ഉച്ചഭക്ഷണത്തിന് 500-700 കലോറിയും അത്താഴത്തിന് 400-600 കലോറിയും ആവശ്യനുസരണം 200-300 കലോറിയായി ലഘുഭക്ഷണം പരിമിതപ്പെടുത്താനും പർമീത് കൗർ ശുപാർശ ചെയ്യുന്നു.

food

നിങ്ങൾക്ക് അനുയോജ്യമായത്

ഭക്ഷണം എത്രതവണ കഴിക്കണമെന്നത് നിങ്ങളുടെ ജീവിതശെെലിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പല വിദഗ്ധരും പറയുന്നത്. നിങ്ങളുടെ ആരോഗ്യം, ഭക്ഷണരീതി എന്നിവയെ അടിസ്ഥാനമാക്കിയാണ് അത് തിരഞ്ഞെടുക്കേണ്ടത്. നിങ്ങൾ ഭക്ഷണക്രമം ക്രമീകരിക്കുന്നത് അനുസരിച്ച് ശരീരം അതിനോട് പ്രതികരിക്കുന്നു. ഓരോ ശരീരവും വ്യത്യസ്തമാണ്. എന്നാലും കലോറികൾ കഴിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കണം.