d

തിരുവനന്തപുരം: കിള്ളിയാറിന് കുറുകെയുള്ള കാലടി മാങ്കാേട്ടുകടവ് പാലം നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. കാറുകൾ ഉൾപ്പെടെ ചെറു വാഹനങ്ങൾക്ക് കടന്നു പോകാവുന്നതാണ് പുതുക്കിയ പാലം.8 മാസങ്ങൾക്ക് മുൻപാണ് പാലം പണി ആരംഭിച്ചത്.

നവീകരിച്ച പാലത്തിന്റെ ഉദ്ഘാടനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. പാലം യാഥാർത്ഥ്യമായതോടെ കാലടി,താമരം,സൗത്ത് കാലടി,ചിറപ്പാലം,കൊഞ്ചിറവിള,അമ്പലത്തറ പ്രദേശങ്ങളിലേക്കുള്ള യാത്രാസൗകര്യം കൂടുതൽ എളുപ്പമായി.

കൊഞ്ചിറവിള ക്ഷേത്രം,​ കുത്തുകല്ലിൻമൂട് മാർക്കറ്റ്,​ തിരുവല്ലം ഹൈവേ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താൻ കഴിയും. പരിസരത്തെ നിരവധി സർക്കാർ,​സ്വകാര്യ സ്കൂളുകളിലെ കുട്ടികൾക്കും പാലം വലിയ അനുഗ്രഹമാണ്. ഉദ്ഘാടനച്ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ.രാജു അദ്ധ്യക്ഷനായി.നഗരസഭ സ്റ്രാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സൺ ക്ലൈനസ് റൊസാരിയോ,ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.ഉണ്ണികൃഷ്ണൻ,​എക്സിക്യൂട്ടീവ് എൻജിനിയർ ബിജു,എ.എക്സ്.ഇ സുമ,​എ.ഇ സുബിൻ എന്നിവർ പങ്കെടുത്തു.

@പാലം - 40 മീറ്റർ നീളം

@വീതി - 2.10 മീറ്റർ

@ചെലവ് 31.5 ലക്ഷം രൂപ (നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന്)​

ഇനി പൂർത്തിയാകാനുള്ളത്

സ്ട്രീറ്ര് ലൈറ്രുകൾ സ്ഥാപിക്കണം

പാലത്തിന് ഇരുവശത്തും ഗ്രീൻ നെറ്റിടണം

പ്രൊട്ടക്ഷൻ വാളിനുള്ളിൽ മണ്ണിട്ട് നിറയ്ക്കണം

ഇരുകരകളിലും പാലത്തിലേക്കുള്ള അപ്രോച്ച് റോഡുകളിൽ കോൺക്രീറ്ര് ചെയ്യണം