
തിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ആത്മകഥ ഇതുവരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ പറയുന്നു. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും ഇപിയുടെ പരാതിയിൽ പറയുന്നു.
അതേസമയം, ഇപിയുടെ കട്ടൻചായയും പരിപ്പുവടയും എന്ന ആത്മകഥയുടെ ഉളളടക്കത്തിലെ ചില ഭാഗങ്ങൾ പുറത്തുവന്നിരുന്നു. തന്നെ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ പ്രയാസമുണ്ട്. പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസം. നിലപാട് കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. ഒന്നാം പിണറായി സർക്കാറിനെക്കാൾ ദുർബലമാണ് രണ്ടാം പിണറായി സർക്കാർ, തിരുത്തൽ വരുമെന്ന് പറഞ്ഞാൽ പോരാ, അടിമുതൽ മുടി വരെ വേണം. ഡോ. പി സരിൻ നാളെ വയ്യാവേലിയാകുമെന്നും ഉളളടക്കത്തിൽ പറയുന്നു.
സംഭവം വിവാദമായതോടെ ആത്മകഥയുടെ പ്രസിദ്ധീകരണം ഡിസി ബുക്‌സ് മാറ്റിവച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഡിസി ബുക്‌സ് വിവരമറിയിച്ചത്. നിർമിതിയിലുളള സാങ്കേതിക തടസം മൂലം പുസ്തകത്തിന്റെ പ്രസിദ്ധീകരണം നീട്ടിവച്ചിരിക്കുകയാണെന്നാണ് ഡിസി ബുക്‌സ് നൽകിയ വിശദീകരണം.
ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡിസി ബുക്‌സ് പ്രതികരിച്ചിട്ടുണ്ട്. പുസ്തകം ഇന്ന് മുതൽ വിറ്റഴിക്കണമെന്ന് സ്റ്റോറുകൾക്ക് നൽകിയിരുന്ന നിർദ്ദേശം ഡിസി ബുക്‌സ് പിൻവലിച്ചു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇപി ജയരാജൻ ഡിസി ബുക്‌സുമായി കരാർ ഒപ്പിട്ടിരുന്നുവെന്നാണ് പ്രസാധകർ അറിയിക്കുന്നത്. എന്നാൽ പരസ്യ പ്രതികരണത്തിന് ഡിസി ബുക്‌സ് തയ്യാറായിട്ടില്ല. പുസ്തകം ഇന്ന് രാവിലെ പത്തരയ്ക്ക് പുറത്തിറക്കുമെന്നായിരുന്നു ഡിസി ബുക്‌സ് നേരത്തെ അറിയിച്ചിരുന്നത്.