sugar

170 രാജ്യങ്ങളിലെ 230 പ്രമേഹരോഗ സംഘടനകള്‍ അംഗങ്ങളായ ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും നേതൃത്വം നല്‍കുന്ന പ്രമേഹരോഗ ദിനാചരണം 1991 നവംബര്‍ 14നാണ് ആരംഭിച്ചത്. ഓരോ വര്‍ഷവും പ്രതിപാദ്യ വിഷയം വ്യത്യസ്തമായിരിക്കും. ഈ വര്‍ഷത്തെ പ്രതിപാദ്യ വിഷയം 'ആഗോള ആരോഗ്യ ശാക്തികരണം' എന്നതാണ്.


ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം ഏതാണ്ട് പത്ത് കോടിയാണ്. 8 ലക്ഷത്തോളം പ്രമേഹരോഗികള്‍ പ്രതിവര്‍ഷം മരണമടയുന്നു. അനിയന്ത്രിത പ്രമേഹരോഗികളില്‍ ബ്ലഡ് പ്രഷര്‍, കൊളസ്‌ട്രോളിന്റെ കൂടുതല്‍, ഹൃദ്രോഗം, ദുര്‍മേദസ്, പാദപ്രശ്‌നങ്ങള്‍ എന്നിവ കൂടുതലായി കാണുന്നു. ഐ സി എം ആര്‍ ന്റെ നേതൃത്വത്തില്‍ നടത്തിയ (2023) ഗവേഷണത്തില്‍ (ICMR - INDIAB) കേരളത്തില്‍ പ്രമേഹരോഗികള്‍ 23% വും പൂര്‍വ്വ പ്രമേഹരോഗികള്‍ (Pre Diabetes), 18% വും പ്രഷര്‍ രോഗികള്‍, 44% വും കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍, 50% വും ദുര്‍മേദസ്സുള്ളവര്‍, 47% വും (നഗരങ്ങളില്‍), മടിയന്മാര്‍ (വ്യായാമം ചെയ്യാത്തവര്‍) 71% വുമാണ്. ശരീര വ്യായാമം ചെയ്യാത്തവരുടെ റാങ്കിങ്ങില്‍ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണ്. ദുര്‍മേദസ് ഇന്ത്യയില്‍ കുട്ടികളിലും കൂടുതലായി വരുന്നുണ്ട്. 75% പ്രമേഹരോഗികളും അവികസിത, വികസ്വര (പ്രതിശീര്‍ഷ വരുമാനം കുറവുള്ള) രാജ്യങ്ങളിലാണ്. സാമ്പത്തിക ബാദ്ധ്യത മൂലമുള്ള ആരോഗ്യ സംവിധാനങ്ങളുടെ കുറവു കൊണ്ട് പല രാജ്യങ്ങളിലും പ്രമേഹ രോഗികള്‍ക്കും സമീകൃത ആഹാരമോ, മരുന്നുകളോ, ചികിത്സയോ കിട്ടുന്നില്ല.


1978ല്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ കസാകിസ്ഥാനിലെ അല്‍മ-അറ്റയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ 'ഹെല്‍ത്ത് ഫോര്‍ ഓള്‍ 2000' (Health for All 2000) എന്ന ഒരു പ്രമേയം പാസാക്കി. അല്‍മ-അറ്റ ഡിക്ലറേഷന്‍ (Alma-Ata Declaration) എന്നാണ് ഇതിന്റെ പേര്. വിദ്യാഭ്യാസം, കിടപ്പിടം, ഭക്ഷണം എന്നത് പോലെ ആരോഗ്യവും ഒരു പൗരന്റെ മൗലികാവകാശമാണെന്നും ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ആരോഗ്യ സംരക്ഷണവും ചികിത്സകളും കിട്ടുവാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നുമായിരുന്നു ഈ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം.

1986ല്‍ ഒട്ടാവയില്‍ വച്ച് (കാനഡ) ഈ പ്രഖ്യാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോ എന്ന് നിരീക്ഷിക്കുവാനും പുരോഗതി വിശകലനം ചെയ്യുവാനും വേണ്ടി ലോകാരോഗ്യ സംഘടന ഒരു സമ്മേളനം നടത്തി. പാവപ്പെട്ടവനും അത്യാധുനിക ചികിത്സ കിട്ടുവാനും ആശുപത്രി സൗകര്യങ്ങള്‍ ലഭിക്കുവാനും മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രികള്‍ എന്നിവ കൂടാതെ എല്ലാ പഞ്ചായത്തിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാനും ഉള്ള നിര്‍ദ്ദേശങ്ങളാണ് (ഇപ്പോഴും നൂറു ശതമാനം നടപ്പിലാക്കുവാന്‍ സാധിക്കാത്ത) 'അല്‍മ-അറ്റ' പ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തിലുള്ളത് .

കേരളത്തില്‍ 1000ല്‍ താഴെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉണ്ട്. ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഏത് സമയത്തും രോഗികള്‍ക്ക് ചികിത്സ കിട്ടുന്ന സൗകര്യങ്ങള്‍ ഉള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വേണ്ടത്ര ഡോക്ടര്‍മാരോ, മരുന്നുകളോ, ലബോറട്ടറികളോ, നൂതന രോഗനിര്‍ണ്ണയ സജ്ജീകരണങ്ങളോ ഇല്ല. അത് മൂലം പാവപ്പെട്ടവര്‍ പോലും പ്രൈവറ്റ് ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ പൊതുജനങ്ങള്‍ക്ക് വിശ്വാസ്യമായി ആശ്രയിക്കുവാന്‍ സാധിക്കാവുന്ന രീതിയില്‍ വിപുലപ്പെടുത്തിയാല്‍, വികസിപ്പിച്ചാല്‍, മാത്രമെ ആഗോള ആരോഗ്യ ശക്തികരണം സാധിക്കുകയുള്ളൂ. അതിനു വേണ്ടിയുള്ള നടപടികള്‍ ഗവണ്‍മെന്റും സ്വകാര്യ സംഘടനകളും ഈ പ്രമേഹരോഗ ദിനത്തില്‍ ആരംഭിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലാണല്ലോ നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍.

Prof. Dr. K. P. Poulose
Principal Consultant in General Medicine
SUT Hospital, Pattom,TVM