h

ചെന്നൈ: സർക്കാർ ആശുപത്രിയിൽ ഡോക്ടറെ രോഗിയുടെ മകൻ കത്തികൊണ്ട് ഏഴ് തവണ കുത്തി. ചെന്നൈ

ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ ക്യാൻസർ രോഗ വിദഗ്ദ്ധനായ ഡോക്ടർ ബാലാജിക്കാണ് കുത്തേറ്റത്. ക്യാൻസർ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്നും തെറ്റായ മരുന്ന് നൽകിയെന്നും ആരോപിച്ചാണ് 26കാരനായ വിഘ്‌നേഷ് ഡോക്ടറെ ആക്രമിച്ചത്. ഇന്നലെ രാവിലെ 10.15ഓടെയായിരുന്നു സംഭവം. പെരുങ്ങലത്തൂർ സ്വദേശി വിഘ്‌നേഷ് ഡോക്ടറെ കാണാൻ സ്ലിപ്പ് എടുത്ത് കാത്തുനിൽക്കുകയും പിന്നീട് റൂമിൽ കയറി വാതിലടച്ച് ആക്രമിക്കുകയുമായിരുന്നു. നെഞ്ചിലും​ തലയിലും​ കഴുത്തിലും ഉൾപ്പെടെ ഏഴിടത്ത് മാരക പരിക്കേറ്റ ഡോക്ടറെ ഉടൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആക്രമിച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഘ്‌നേഷിനെ ജീവനക്കാരും ആളുകളും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഹൃദ്രോഗി കൂടിയായ ഡോക്ടറിന്റെ

നില തൃപ്തികരമാണെന്ന് അധികൃത‌ർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് വിഘ്‌നേഷിനെയും സഹോദരനെയും അറസ്റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു.

വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി പറഞ്ഞ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ,​ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും അറിയിച്ചു. ഐ.സി.യുവിലാണെങ്കിലും ഡോക്ടറുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ അറിയിച്ചു. സംഭവത്തെത്തുടർന്ന് ഡോക്ടർമാർ പ്രതിഷേധിക്കുകയും ചികിത്സ താത്‌കാലികമായി നിറുത്തിവയ്ക്കുകയും ചെയ്തു.