
തിരുവനന്തപുരം: ഇ.പി.ജയരാജന്റെ 'ആത്മകഥാ' ബോംബും ഉപതിരഞ്ഞെടുപ്പ് നാളിൽ സി.പി.എമ്മിന് ഇടിത്തീ ആയതോടെ പാർട്ടി നടപടി അനിവാര്യമായെന്ന് സൂചന. ഇ.പിയുടെ പക വീണ്ടും പത്തി വിടർത്തി ആടിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ കുഴിയിൽ ചാടിച്ച ഇ.പി ഇപ്പോഴും കേന്ദ്ര കമ്മിറ്റി അംഗമാണ്. ഇ.പിക്കെതിരെ നടപടിയെടുക്കാൻ നേതൃത്വം അശക്തമാണെന്ന വിമർശനം അന്ന് മുതൽ പാർട്ടിയിലുണ്ട്. ഇനി നടപടി ഒഴിവാക്കുക ദുഷ്കരം. ഇന്ന് പാലക്കാട്ട് സരിന് വേണ്ടി പ്രസംഗിക്കാൻ ഇ.പിയോട് ആവശ്യപ്പെട്ടത്, കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കാനാണ്.
അപ്രിയ സത്യങ്ങൾ വെളിപ്പെടുത്തുന്ന ഇ.പിയുടെ ആത്മകഥ ഉടൻ പുറത്ത് വരുമെന്ന് വോട്ടെടുപ്പിന്റെ തലേന്ന് രാത്രി 9 മണിയോടെയാണ് ഡി.സി ബുക്സ് വെളിപ്പെടുത്തിയത്. ഇന്നലെ രാവിലെ വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ അതിലെ വിവാദ ഭാഗങ്ങൾ ചാനലുകൾ ആഘോഷിച്ചു. കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള രഹസ്യ കൂടിക്കാഴ്ച ഇ.പി വെളിപ്പെടുത്തിയത്. സി.പി.എം-
ബി.ജെ.പി രഹസ്യ ബാന്ധവമെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന ആ ബോംബും അന്ന് മാദ്ധ്യമങ്ങളിൽ നിറഞ്ഞു.
പിണറായി സർക്കാരിനെയും പാർട്ടി നിലപാടുകളെയും ചോദ്യം ചെയ്യുന്ന ആത്മകഥാ പരാമർശങ്ങൾ 20ന് പാലക്കാട് ഉപതിരഞ്ഞെടുപ്പിലും തിരിച്ചടിയാവുമെന്ന് ആശങ്കയുണ്ട്. താൻ 'എഴുതാത്ത കാര്യങ്ങൾ' പുറത്തു വന്നതിൽ ഗൂഢാലോചനയും, ക്രിമിനൽ കുറ്റവും ആരോപിച്ച് ഡി.സി.ബുക്സിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയ ഇ.പിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു. സർക്കാർ ദുർബലമാണെന്നും, നവ കേരള സദസ് അനാവശ്യമാണെന്നും, കോൺഗ്രസിൽ നിന്നെത്തിയ സരിൻ വയ്യാവേലിയാവുമെന്നുമുള്ള കടുത്ത പരാമർശങ്ങൾ നേതൃത്വത്തോടുള്ള പകപോക്കലായി തന്നെയാണ് പാർട്ടി കാണുന്നത്. പക്ഷേ, ഉപതിരഞ്ഞെടുപ്പ് നാളിൽ ജയരാജനെ തള്ളിപ്പറയാൻ പറ്റാത്ത ധർമ്മസങ്കടത്തിലായി പാർട്ടി. ആത്മകഥ പൂർത്തിയാക്കിയിട്ടില്ലെന്നും, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമുള്ള ഇ.പിയുടെ വാക്കുകളെ പ്രകാശ് കാരാട്ടും, എം.വി.ഗോവിന്ദനും തള്ളിപ്പറയാത്തതും അതിനാലാണ്.
ഉത്തരം തേടുന്ന ചോദ്യങ്ങൾ
ആത്മകഥ എഴുതിത്തീർന്നില്ലെന്ന് ഇ.പി പറയുമ്പോൾ, ഈ ഉപതിരഞ്ഞെടുപ്പ് വരെയുള്ള ഇ.പിയുടെ ജീവിതവും, പ്രതികരണങ്ങളും എഴുതിച്ചേർത്തതാര് ?
ഇ.പി എഴുതി നൽകാതെയും, അനുവാദമില്ലാതെയും ആത്മകഥ പ്രസിദ്ധപ്പെടുത്തുമെന്ന് എങ്ങനെ പരസ്യം നൽകും ?
ആത്മകഥയുടെ പൂർണ്ണരൂപമെന്ന് കരുതുന്ന 177പേജും വോട്ടെടുപ്പ് നാളിൽ എങ്ങനെ പുറത്ത് വന്നു?
പ്രസിദ്ധീകരണം വൈകുമെന്ന് പറയുന്ന പ്രസാധകർ, പുറത്ത് വന്ന ഉള്ളടക്കം നിഷേധിക്കാത്തതെന്ത്?