
റോഹ്‌തക്ക് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി നായകൻ സച്ചിൻ ബേബി. ഇന്നലെ ഹരിയാനയ്ക്ക് എതിരെ നടന്ന മത്സരത്തിൽ വ്യക്തിഗത സ്കോർ 15ലെത്തിയപ്പോഴാണ് രോഹൻ പ്രേമിന്റെ പേരിലുണ്ടായിരുന്ന 5396 റൺസ് സച്ചിൻ ബേബി മറികടന്നത്. കളിനിറുത്തുമ്പോൾ 24 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് സച്ചിൻ ബേബി.
കേരളം 138/2
ഹരിയാനയ്ക്ക് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ദിനം കളിനിറുത്തുമ്പോൾ 138/2 എന്ന നിലയിൽ. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ബാബ അപരാജിത് (0) പുറത്തായെങ്കിലും രോഹൻ കുന്നുമ്മലും(55) അക്ഷയ് ചന്ദ്രനും (51 നോട്ടൗട്ട്) നേടിയ അർദ്ധ സെഞ്ച്വറികളാണ് കേരളത്തെ മുന്നോട്ടുനയിച്ചത്.
ലഹ്‌ലിയിലെ ചൗധരി ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മോശം കാലാവസ്ഥയെ തുടർന്ന് വൈകി ആരംഭിച്ച കളിയിൽ കേരളത്തിന് അക്കൗണ്ട് തുറക്കും മുമ്പേ ഓപ്പണർ ബാബ അപരാജിത്തിനെ നഷ്ടമായി. അൻഷുൽ കംബോജിന്റെ പന്തിൽ കപിൽ ഹൂഡ ക്യാച്ചെടുത്താണ് അപരാജിത്ത് പുറത്തായത്.തുടർന്ന് ക്രീസിലെത്തിയ അക്ഷയ് ചന്ദ്രൻ- രോഹൻ കുന്നുമ്മൽ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോർ നൂറ് കടത്തിയത്. ഇരുവരും തമ്മിലുള്ള സഖ്യം 198 പന്തിൽ നിന്ന് 91 റൺസ് നേടി. 102 പന്തിൽ നിന്ന് ആറ് ഫോറുൾപ്പെടെ 55 റൺസ് നേടിയ രോഹനെ ക്യാപ്റ്റൻ അൻകിത് കുമാറിന്റെ കൈകളിലെത്തിച്ച് അൻഷുൽ കംബോജാണ് പുറത്താക്കിയത്. മോശം കാലാവസ്ഥയെ തുടർന്ന് കളി നിറുത്തുമ്പോൾ 160 പന്തിൽ നിന്ന് 51 റൺസുമായി അക്ഷയ് ചന്ദ്രനും 24 റണ്‍സുമായി സച്ചിന്‍ ബേബിയും ക്രീസിലുണ്ട്. രഞ്ജിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും സച്ചിന്‍ ബേബിക്ക് സ്വന്തമായി. സഹതാരം റോഹന്‍ പ്രേമിന്‍റെ റണ്‍സ് മറികടന്നാണ് സച്ചിന്‍ ബേബി ഈ നേട്ടം സ്വന്തമാക്കിയത്. 13 ഓവറിൽ 25 റൺസ് വഴങ്ങിയാണ് അൻഷുൽ കേരളത്തിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.വത്സൽ ഗോവിന്ദ്, ആദിത്യ സർവതെ, കെ.എം ആസിഫ് എന്നിവർക്ക് പകരം ഷോൺ റോജർ, എൻ.പി ബേസിൽ, നിതീഷ് എം.ഡി എന്നിവരെ ടീമിലുൾപ്പെടുത്തിയാണ് കേരളം കളിക്കാനിറങ്ങിയത്.