ck

പാലക്കാട്: നേരിട്ട് പരിചയമുള്ള പതിനായിരക്കണക്കിന് വോട്ടർമാരുളള മണ്ഡലമാണ് പാലക്കാടെങ്കിലും കന്നിയങ്കത്തിൽ മലമ്പുഴയിൽ വി,എസിനെതിരെ സ്വീകരിച്ച തന്ത്രം ഈ തിരഞ്ഞെടുപ്പിലും ഉപയോഗിക്കുകയാണ് സി. കൃഷ്ണകുമാർ. വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ള ആളുകളെ പോലും നേരിട്ട് കണ്ട് വോട്ട് ചോദിക്കുകയെന്നതാണ് ആ തന്ത്രം. അതിനുള്ള കാരണം, 2016ൽ വെറും 3000 വോട്ടുള്ള മലമ്പുഴയിൽ കേരള രാഷ്ട്രീയത്തിലെ അതികായനായ വിഎസിനെ നേരിടാൻ പോകുമ്പോൾ ആരും വില കൽപ്പിച്ചിരുന്നില്ലെന്നതാണ്. പ്രായാധിക്യം കൊണ്ടും സംസ്ഥാനത്തുടനീളം പ്രചാരണത്തിന് പോകണമെന്നതുകൊണ്ടും വിഎസിന് എല്ലാ വോട്ടർമാരേയും നേരിൽ കാണാൻ കഴിയില്ലെന്ന സാഹചര്യം ഉപയോഗപ്പെടുത്തിയാണ് 46,000 വോട്ട് നേടിയതും രണ്ടാം സ്ഥാനത്ത് എത്തിയതും.

പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫും കോൺഗ്രസും തമ്മിലാണ് ഡീലെന്നും അതിന് നേതൃത്വം നൽകുന്നത് ഷാഫി പറമ്പിലും മന്ത്രി എം.ബി രാജേഷുമാണെന്നും കൃഷ്ണകുമാർ ആരോപിക്കുന്നു. എന്നാൽ ഇത്തവണ ഇരുവരുടേയും അവിശുദ്ധ സഖ്യം വിലപ്പോകില്ലെന്നും പാലക്കാട് എൻ.ഡിഎ വിജയം ഉറപ്പിച്ചുവെന്നും കൃഷ്ണകുമാർ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.

കേരളത്തിൽ സ്പിരിറ്റ് കടത്തൽ, കള്ളപ്പണം കടത്തൽ, സോഷ്യൽ മീഡിയ പ്രചാരണം, വോട്ടിംഗ് തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ത്യ സഖ്യം സജീവമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അഭിമുഖത്തിന്റെ പൂർണ രൂപം ചുവടെ വായിക്കാം.

പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ

ഞങ്ങൾവലിയ ശുഭപ്രതീക്ഷയിലാണ്, ഗ്രൗണ്ട് ലെവലിൽ വീടുകളിൽ പോയി വോട്ടർമാരെ കാണുമ്പോൾ അനുകൂലമായ പ്രതികരണങ്ങളുണ്ട്. അത ബിജെപി ക്യാമ്പ് പ്രതീക്ഷിച്ചതിൽ കൂടുതൽ അനുകൂലമായ പ്രതികരണങ്ങളാണ്. അതാണ് പ്രതീക്ഷ നൽകുന്ന ഘടകം

ബിജെപി സിപിഎം ഡീൽ ഉണ്ടോ പാലക്കാട്

ആരൊക്കെ തമ്മിലാണ് ഡീൽ എന്നത് പാലക്കാട്ടെ ജനങ്ങൾക്ക് അറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ. ശ്രീധരൻ സാറിനെ തോൽപ്പിക്കാൻ കോൺഗ്രസിന് സിപിഎം വോട്ട് മറിച്ച് കൊടുത്ത മണ്ഡലമാണ്. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോൺഗ്രസിന്റെ മുൻ ഡിജിറ്റൽ മീഡിയ കൺവീനർ സരിൻ പറഞ്ഞത് എന്താണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം വോട്ടുകൾ ഷാഫിക്ക് അനുകൂലമായി പോയി എന്നാണ്. സരിന്റെ ഈ പ്രസ്താവനയെ എകെ ബാലൻ ഉൾപ്പെടെയുളള നേതാക്കൾ പിന്തുണയ്ക്കുയും ചെയ്തു..

കഴിഞ്ഞ തവണ ഷാഫി പറമ്പിൽ വിജയിച്ചപ്പോൾ കോൺഗ്രസുകാരെക്കാൾ കൂടുതൽ ആഘോഷിച്ചത് എൽഡിഎഫ് പ്രവർത്തകരാണ്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ അത് പ്രകടമായിരുന്നു. യഥാർത്ഥത്തിൽ 2021ൽ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകേണ്ടിയിരുന്നത് എംബി രാജേഷ് ആണ്. പാലക്കാട് എംപിയായിരുന്നു അദ്ദേഹം പത്ത് വർഷം. 2019ൽ പരാജയപ്പെട്ടപ്പോൾ പോലും പാലക്കാട് രാജേഷ് രണ്ടാമത് എത്തി. നിയമസഭയിൽ രാജേഷിനെ മത്സരിപ്പിക്കാതെ ഷാഫിക്ക് വിജയിിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്തത് സിപിഎം നേതൃത്വം ആണ്.

യഥാർത്ഥ ഡീൽ എന്താണെന്ന് മനസ്സിലായില്ലേ? പാലക്കാടിനടുത്ത് താമസിക്കുന്ന എംബി രാജേഷ് 50 കിലോമീറ്റർ അകലെ തൃത്താലയിൽ പോയി മത്സരിച്ചത് ഷാഫിയും രാജേഷും തമ്മിലുള്ള ഡീൽ ആണ്. പത്ത് വർഷം പാലക്കാട് എംപിയായിരുന്ന, ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെടുമ്പോൾ പോലും പാലക്കാട് നിയമസഭയിൽ രണ്ടാം സ്ഥാനത്ത് എത്തിയ രാജേഷ് പാലക്കാട മണ്ഡലത്തിൽ മത്സരിച്ചില്ല. തൃത്താലയിൽ വി.ടി ബൽറാമിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് വോട്ടുകൾ രാജേഷിന് കൈമാറി, പാലക്കാട് ഷാഫിയെ വിജയിപ്പിക്കാൻ സിപിഎം വോട്ടുകൾ കോൺഗ്രസിനും കൈമാറി. ഷാഫി പറമ്പിലും എംബി രാജേഷും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട് തുടങ്ങിയിട്ട് കാലങ്ങളായി.

കെപിഎം റെസിഡൻസിയും നീല ട്രോളി ബാഗും

കെപിഎം ഹോട്ടലിൽ നീല ട്രോളി ബാഗ് കൊണ്ടുവന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രവർത്തകർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയായ ഞാൻ അവിടെ എത്തിയത്. അപ്പോൾ തന്നെ ആരോപിച്ചതാണ് ഈ കേസ് അധികം മുന്നോട്ട് പോകില്ല എന്ന്. പൊലീസ് എത്താൻ വൈകി, കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി കൊടുത്ത കേസ് പോലും 48 മണിക്കൂർ കഴിഞ്ഞാണ് പരിശോധിച്ചത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത് 24 മണിക്കൂർ കഴിഞ്ഞാണ്. സിപിഎം കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെടുമെന്നും കേസ് മുന്നോട്ട് പോകില്ലെന്നും അപ്പോൾ തന്നെ വ്യക്തമായിരുന്നു.

ട്രോളി ബാഗ് വന്ന കാർ, ഏത് റൂമിലക്ക് പോയി തുടങ്ങിയ കാര്യങ്ങൾ എല്ലാവർക്കും അറിയാം. കേസ് മുന്നോട്ട് പോയാൽ ഗുണം ബിജെപിക്ക് ആയിരിക്കും എന്ന് മനസ്സിലാക്കിയാണ് കോൺഗ്രസ് സിപിഎം സഖ്യം കേസ് അട്ടിമറിക്കുകയാണുണ്ടായത്.

സിപിഎം പേജിൽ രാഹുലിന്റെ വീഡിയോ

പല കാര്യങ്ങളിലും ഇന്ത്യ സഖ്യം ആണ് പ്രവർത്തിക്കുന്നത്. പത്തനംതിട്ട സിപിഎം ഔദ്യോഗിക പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ വരുന്നു. ഇത് അഡ്മിൻ അറിയാതെ സംഭവിക്കില്ല. അപ്പോൾ സോഷ്യൽ മീഡിയയിലും ഇന്ത്യ സഖ്യം പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ചിറ്റൂരിൽ സ്പിരിറ്റ് പിടകൂടി. തിൽ കടത്തിയത് കോൺഗ്രസുകാരൻ, ഉടമ സിപിഎംകാരൻ. അതിലും ഇന്ത്യ സഖ്യം ഉണ്ട്. സ്പിരിറ്റ് കടത്തൽ, സോഷ്യൽ മീഡിയ പ്രചരണം, കള്ളപ്പണം കടത്തൽ എല്ലായിടത്തും ഇന്ത്യ സഖ്യം ആണ്. ഈ ബാന്ധവം തിരഞ്ഞെടുപ്പിലേക്കും എത്തി നിൽക്കുന്നു. കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയെന്നത പാലക്കാട് സിപിഎം സ്ഥിരമായി ചെയ്യുന്ന കാര്യമാണ്.

പാലക്കാട് നഗരസഭയിൽ എത്രത്തോളം ലീഡ് പ്രതീക്ഷിക്കുന്നു

നിയമസഭാ മണ്ഡലത്തിൽ വിജയിച്ച് കയറുവാനുള്ള വോട്ട് പാലക്കാട് നഗരസഭയിൽ നിന്ന് തന്നെ ലഭിക്കും. ഇത്തവണ മാഥൂരിലും കണ്ണാടിയിലും ലീഡ് ചെയ്യും. അഞ്ചക്ക ഭൂരിപക്ഷം ഉറപ്പാണ്.

സന്ദീപ് വാര്യർ വിഷയം ബിജെപിയുടെ സാദ്ധ്യതകളെ ബാധിക്കുമോ?

ബിജെപി ഒരു കേഡർ പാർട്ടിയാണ്. ഏതെങ്കിലും ഒരു നേതാവിനേ കണ്ട് അല്ല ആരും പാർട്ടിക്കായി പ്രവർത്തിക്കുന്നത്. ആശയമാണ് മുന്നോട്ട് നയിക്കുന്നത്. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചല്ല ആരും പാർട്ടിയിൽ നിൽക്കുന്നത്. അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കും സ്ഥാനമാനങ്ങൾ മോഹിക്കുന്നവരും പോയാൽ ആരും അവർക്ക് പിന്നാലെ പോകാൻ പോകുന്നില്ല.

വിഎസിനോട് മത്സരിച്ച അനുഭവം ഈ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോ

പാലക്കാട് മണ്ഡലത്തിലെ വോട്ടർമാരിൽ എന്റെ ബന്ധുക്കളും സുഹൃത്തുക്കളും കുട്ടിക്കാലം മുതലുള്ള പരിചയക്കാരുമായി പതിനായിരക്കണക്കിന് ആളുകൾ പാലക്കാടുണ്ട്. ഇത്രയും ആളുകളെ നേരിൽക്കണ്ട് തന്നെയാണ് വോട്ട് ചോദിക്കുന്നത്. പരിചയക്കാരെ പോലും നേരിൽക്കണ്ട് വോട്ട് ചോദിക്കുകയെന്നതാണ് ഞാൻ സ്വീകരിക്കുന്ന മര്യാദ

വിഎസിനോട് മത്സരിക്കുമ്പോൾ അന്ന കേരള രാഷ്ട്രീയത്തിലെ അതികായനോടാണ് പോരാട്ടം. മാദ്ധ്യമങ്ങളോ പൊതുജനങ്ങളോ യാാതൊരു വിലയും കൽപ്പിക്കാതിരുന്ന വ്യക്തിയായിരുന്നു ഞാൻ. പാർട്ടിക്ക് വെറും 3000 വോട്ടുകൾ മാത്രമുള്ള സംഘടനാ ശേഷി കുറഞ്ഞ ഒരു മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയെന്നത് ഒരു ചലഞ്ച് ആയിരുന്നു.

അന്ന് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം സ്ഥാനത്ത് വിഎസിന് മുന്നിൽ എത്താൻ കഴിഞ്ഞത് വലിയ ആത്മവിശ്വാസം നൽകി. അന്ന് അത്ര വലിയൊരു നേതാവിനോട് മത്സരിച്ചത് ഇന്ന് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വലിയ ടെൻഷൻ ഇല്ലാതെ മുന്നോട്ട് പോകാൻ സഹായിക്കുന്നുണ്ട്.