
സെഞ്ചൂറിയൻ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിൽ മൂന്നാം മത്സരത്തിലും ഇന്ത്യൻ ബാറ്റിംഗ് വെടിക്കെട്ട്. ഒന്നാം മത്സരത്തിൽ സെഞ്ച്വറി നേടി ടീം സ്‌കോർ 200 കടത്തിയത് സഞ്ജു ആണെങ്കിൽ ഇത്തവണ ഇടംകൈ ബാറ്റർ തിലക് വർമ്മയാണ് സെഞ്ച്വറി നേടിയത്. 51 പന്തിൽ എട്ട് ഫോറും ആറ് സിക്‌സുമടക്കമാണ് തിലക് തന്റെ സെഞ്ച്വറി തികച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് രണ്ടാം പന്തിൽ സഞ്ജുവിനെ നഷ്‌ടമായിരുന്നു. എന്നാൽ അഭിഷേക് ശർമ്മയോടൊപ്പം തിലക് വർമ്മ ചേർന്ന് ഇന്ത്യയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ചേർന്ന് 107 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി. പിന്നീട് നായകൻ സൂര്യകുമാർ യാദവും (1), ഹാർദ്ദിക് പാണ്ഡ്യയും (18) റിങ്കു സിംഗും (8) വേഗം പുറത്താെയെങ്കിലും തിലക് ഒരുവശത്ത് തകർത്ത് കളിച്ചു.
നേരിട്ട ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തി തുടക്കക്കാരൻ രമൺദീപ് സിംഗ് (15) മികച്ച തുടക്കം കുറിച്ചെങ്കിലും അവസാന ഓവറിൽ റൺഔട്ടായി. തിലക് പുറത്താകാതെ 107 റൺസ് നേടി. 20 ഓവറിൽ ഇന്ത്യ നേടിയത് 219 റൺസാണ്. ദക്ഷിണാഫ്രിക്കയ്ക്കായി ആന്റിലെ സിമെലാനെ, കേശവ് മഹാരാജ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തി. മാർക്കോ ജാൻസെൻ 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.