
''നമ്മുടെ ഭൂമിയിൽ യാതൊരു അസ്വസ്ഥതകളുമില്ലാതെ ജീവിക്കാൻ ഏതെങ്കിലും മനുഷ്യന് കഴിഞ്ഞിട്ടുണ്ടോ? മൺമറഞ്ഞുപോയ നമ്മുടെ പൂർവികർക്കിടയിലോ ഇപ്പോൾ ജീവിക്കുന്നവർക്കിടയിലോ, ഇനി ഭൂജാതരാകാൻ പോകുന്നവരിലോ അങ്ങനെയൊരാളെ കണ്ടെത്താനാകുമോ? എന്റെ ചോദ്യത്തിന് ചില്ലറ വലുപ്പമല്ല ഉള്ളതെന്ന് ആർക്കാണ് അറിയാത്തത്! അതിനാൽ വെറുമൊരു മറുപടി ആരും പറയണ്ട, നന്നായി ആലോചിച്ചിട്ടു പറഞ്ഞാൽ മതി! അപ്പോൾ ചോദ്യം കൊള്ളാമോ, മനുഷ്യന്റെ ഉൽപ്പത്തിയിൽ തുടങ്ങി, നൂറ്റാണ്ടുകൾക്കുശേഷം ഏറ്റവും അവസാനം ജനിക്കാൻ പോകുന്ന മനുഷ്യനിലേക്കു നീളുന്ന, അക്ഷരാർത്ഥത്തിൽ ഏറ്റവും പ്രധാനപ്പെട്ടൊരു ചോദ്യത്തിന്റെ മറുപടി ചിന്തിച്ചു പറഞ്ഞാലും, ചിന്തിക്കാതെ പറഞ്ഞാലും ശരിയുത്തരം! ഇങ്ങനെയൊരു ചോദ്യം മറുപടിക്കായി മുൻപ് നിങ്ങളെ കാത്തുനിന്നിട്ടുണ്ടോ? മനുഷ്യമനസ് അസ്വസ്ഥമാകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നിശ്ചയമായും ഓരോരുത്തർക്കും ഓരോ കാര്യമായിരിക്കുമല്ലോ! ചിലപ്പോൾ ബഹുകാര്യങ്ങളുമായിരിക്കാം! അസ്വസ്ഥതകളുടെ തീവ്രത തീർച്ചയായും ജീവിതത്തിന്റെ ഗതിവിഗതികളെ നിശ്ചയിക്കുന്നുവെന്നു പറഞ്ഞാൽ അത് പൂർണ്ണമായും ശരിയാണ്. അപ്പോൾ, ചിലർ പിടിച്ചു നിൽക്കുന്നു! മറ്റു ചിലർ വീണുപോകുന്നു!"" ജീവിതത്തിൽ അടിപതറി വീണുപോയ ആരെയോ തിരികെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുവരുന്നതിനാണോ പ്രഭാഷകൻ, അസ്വസ്ഥതകൾ മനുഷ്യജീവിതത്തിലെയൊരു ശാശ്വത സത്യമാണ് എന്നു സമർത്ഥിക്കാൻ ശ്രമിക്കുന്നതെന്നുപോലും സദസ്യർ സംശയിച്ചു. അത് മനസിലാക്കിയപോലെ ചെറുപുഞ്ചിരിയോടെ പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''അസ്വസ്ഥതകൾ കവർന്ന മനുഷ്യജീവിതങ്ങളെ അവതരിപ്പിക്കുന്നതിനേക്കാൾ, ഞാൻ പ്രാധാന്യം കൊടുക്കുന്നത് എപ്രകാരം അസ്വസ്ഥതകളെ അതിജീവിക്കാം എന്നതുതന്നെയാണ്. കാരണം, അസ്വസ്ഥതകളുമായി ആർക്കും മുന്നോട്ടുപോകാൻ കഴിയില്ല. തീവ്രമായ അസ്വസ്ഥതകൾ ഒരു വ്യക്തിയെ വിഷാദത്തിലേക്ക് തള്ളിയിടുന്നു. തീവ്രവിഷാദം ആത്മഹത്യയിലാണ് അവസാനിക്കുന്നത്. അപ്പോൾ, അസ്വസ്ഥതകളെ മറികടക്കാനൊരു മാന്ത്രികവിദ്യ നമുക്കും ശീലമാക്കേണ്ടേ! നമ്മുടെ ശ്വാസം 'നമുക്കണക്കണ്ട"യെന്ന് പറയുമായിരുന്ന എന്റെ ടീച്ചറിനെയാണ് ഇപ്പോഴും ഓർക്കുന്നത്. കാൻസറുമായി പടവെട്ടുമ്പോൾ അവർക്ക് അൻപതു വയസുപോലുമുണ്ടായിരുന്നില്ല. പത്തുമുപ്പതു കൊല്ലങ്ങൾക്കുമുമ്പാണല്ലോ. കീമോതെറാപ്പിയൊക്കെ അന്ന് പ്രയോഗത്തിൽ പരീക്ഷിച്ചുവരുന്ന കാലം. ആരും ആരാധനയോടെ നോക്കിനിൽക്കുമായിരുന്ന ടീച്ചറിന്റെ തലമുടിയിഴകളിൽ, കീമോ ചികിത്സ പൂർത്തിയായപ്പോൾ അവശേഷിച്ചത് പത്തുമുടിയിഴകൾ മാത്രം! എന്നാലും, നിത്യവും കുളിച്ച് പതിവുപോലെ തന്റെ പത്തുമുടിയിഴകളുംചീകി അതിൽ തുളസിക്കതിർ ചൂടി എല്ലാവരെയും പുഞ്ചിരിയോടെ അഭിമുഖീകരിക്കുന്നൊരു അപൂർവ സമീപനം! അങ്ങനെയൊരു ദിവസം ടീച്ചറിന്റെ പത്തുമുടിയിഴകളിൽ ഒന്നു കൊഴിഞ്ഞു! അങ്ങനെ, ഒൻപതെണ്ണമായി. ടീച്ചർ അതിലും ആശ്വാസം കണ്ടെത്തി, ഇനി ഒരെണ്ണം കുറച്ചു ചീകിയാൽ മതിയല്ലോ! അങ്ങനെ ടീച്ചറമ്മയുടെ എല്ലാ മുടികളും കൊഴിഞ്ഞു! അപ്പോഴും പുഞ്ചിരിയോടെ ടീച്ചറമ്മ പറഞ്ഞു: ഇനി മുതൽ മുടി ചീകിയൊതുക്കുന്ന ജോലി കുറഞ്ഞു കിട്ടിയല്ലോ! ടീച്ചർ മൺമറഞ്ഞിട്ട് പതിറ്റാണ്ടുകളായി. എന്നാലും, ഒരിക്കൽ അസുഖവിവരം അന്വേഷിച്ചപ്പോൾ ടീച്ചർ പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെയുള്ളിൽ പ്രകമ്പനം കൊള്ളുന്നു:'എന്റെ അസ്വസ്ഥതകൾ കാര്യമായി ഞാൻ ശ്രദ്ധിക്കാറില്ല, കാരണം നമ്മളേക്കാൾ അസ്വസ്ഥതകൾ അനുഭവിക്കുന്ന എത്ര പേരാണ് നമുക്കു ചുറ്റുമുള്ളത്!" ഇപ്പോൾ, നിങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടോ?"" ഇപ്രകാരം പ്രഭാഷകൻ നിറുത്തുമ്പോൾ, പതിറ്റാണ്ടുകൾക്കു മുൻപ് ആ ടീച്ചറമ്മയോതിയ അതിജീവനമന്ത്രം, നമുക്കൊക്കെ അസ്വസ്ഥതാ നിവാരണ മന്ത്രമായി ഫലിക്കുമെന്ന് സദസ്യരിൽ പലരും മനസിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു.