emilia-dobreva

ചരിത്രത്തിലാദ്യമായി ഒരു യുഎഇ വനി‌ത മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ മാറ്റുരയ്ക്കുകയാണ്. മോഡലിംഗ് രംഗത്ത് പ്രമുഖയായ എമിലിയ ഡൊബ്രേവ ആണ് രാജ്യത്തെ പ്രതിനിധീകരിച്ച് വിശ്വസുന്ദരി പട്ടത്തിന് മത്സരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറിൽ എമിലിയ മിസ് യൂണിവേഴ്‌സ് യുഎഇ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

എമിറാത്തിയുടെ ഭാര്യയായ എമിലിയ പത്ത് വർഷത്തിലേറെയായി യുഎഇയിലാണ് താമസം. മൂന്ന് മക്കളുടെ മാതാവ് കൂടിയായ എമിലിയ യുഎഇ മിസ് യൂണിവേഴ്‌സ് പട്ടത്തിന് ഏറ്റവും അർഹയാണെന്ന് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷന്റെ നാഷണൽ ഡയറക്‌ടറായ പോപ്പി കപ്പെല്ല പറയുന്നു.

നവംബ‌ർ 16ന് മെക്‌സിക്കോയിൽ നടക്കുന്ന മത്സരത്തിൽ 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെയാണ് എമിലിയ നേരിടുന്നത്. മത്സരത്തിലെ ദേശീയ വസ്‌ത്ര വിഭാഗത്തിൽ യുഎഇയ്ക്ക് ആദരമായി അബായ ആണ് എമിലിയ അണിയുന്നത്. വസ്ത്രത്തിന്റെ താഴത്തെ ഭാഗത്ത് രാജ്യത്തിന്റെ മണ്ണ് ഉൾപ്പെടുത്തും. മുകൾ ഭാഗത്ത് രാജ്യം കൈവരിച്ച ആധുനികതയുടെ ഉദാഹരണവും ഉണ്ടാവുമെന്ന് പോപ്പി കപ്പെല്ല അറിയിച്ചു. മിസ് യൂണിവേഴ്‌സ് യുഎഇ മത്സരത്തിൽ സ്വീംവെയർ റൗണ്ട് ഉണ്ടായിരുന്നില്ല. അന്താരാഷ്‌ട്ര മത്സരത്തിലെ സ്വിംവെയർ റൗണ്ടിൽ ശരീരം മുഴുവൻ മറയ്ക്കുന്ന, ബുർകിനി എന്നറിയപ്പെടുന്ന സ്വിംവെയർ ആയിരിക്കും എമിലിയ അണിയുന്നതെന്നും പോപ്പി പറഞ്ഞു.

കാലാകാലങ്ങളായി 18 വയസിനും 28നും ഇടയിലുള്ള അവിവാഹിതരായ യുവതികളായിരുന്നു മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞവർഷം വയസ്, വിവാഹം, ഉയരം, തൂക്കം തുടങ്ങിയ എല്ലാ നിരോധനങ്ങളും എടുത്ത് മാറ്റിയിരുന്നു.