samantha

ലണ്ടനിൽ കൊവിഡ് മഹാമാരി ഭൂമിയെ ശപിച്ച ലോക്ഡൗൺ കാലം. ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവി അടച്ചിട്ട മുറിയുടെ ഏകാന്തതയിലിരിക്കുന്നു. പുറത്തിറങ്ങാനാവുന്നില്ല. ഭൂമിയെ, മനുഷ്യനെ, പ്രകൃതിയെ, നക്ഷത്രങ്ങളെ.... ഒന്നും കാണാനാവുന്നില്ല. പുസ്തകങ്ങളും ടിവിയും ലാപ്ടോപ്പും ഫോണും മാത്രം പുറംലോകത്തേക്കുള്ള വാതിലുകൾ. ഒരു ദിവസം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഭൂമിയുടെ ലൈവ് വീഡിയോ ലാപ്ടോപ്പിൽ തെളിയുന്നു.

എഴുത്തുകാരിയുടെ മനസിൽ ഒരു തീപ്പൊരി വീണു. അത്തരം വീഡിയോകൾ നിരന്തരം കണ്ടു. ബഹിരാകാശ സഞ്ചാരികൾ എഴുതിയ പുസ്തകങ്ങൾ വായിച്ചു. ഒരു ഗവേഷണത്തിനു തുടക്കമായി. ക്രിയേറ്റിവ് റൈറ്റിംഗിൽ ഡോക്ടറേറ്റുള്ള സാമന്തയെന്ന നാൽപ്പത്തിയൊമ്പതുകാരി ഭാവനകൊണ്ട് ബഹിരാകാശ നിലയത്തിലേക്കു പറന്നു, ഭൂമിയിൽ നിന്ന് ഭൂമിയെ കാണാൻ പറ്റില്ലെങ്കിൽ ബഹിരാകാശത്തു നിന്ന് കാണാമല്ലോ! ആ ചിന്ത സാഹിത്യത്തിലെ കഥാപരിസരത്തെ ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് പറിച്ചുനട്ടു.

2010-ൽ പാതിവഴിക്ക് ഉപേക്ഷിച്ച നോവൽ പൂർത്തിയാക്കാൻ സാമന്ത തീരുമാനിച്ചു. 'ഓർബിറ്റൽ" എന്ന സ്പേസ് നോവലിന്റെ പിറവിയായി. സയൻസ് ഫിക്‌ഷന്റെ കാല്പനിക ഭാവത്തോടെ, മനുഷ്യന്റെ വീടായ ഭൂമിയിലേക്കും അവന്റെ മനസിലേക്കും അനന്തതയിൽ നിന്നുള്ള എഴുത്തുകാരിയുടെ അന്വേഷണം. ബഹിരാകാശ കാഴ്ചകൾ വർണിക്കുന്ന ഇടയഗീതം (സ്പേസ് പാസ്റ്ററൽ) എന്നാണ് സാമന്ത സ്വന്തം നോവലിനെ വിശേഷിപ്പിച്ചത്.

ബുക്കർ പ്രൈസ് നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ നോവലാണ് ഓർബിറ്റൽ. 136 പേജ് മാത്രം. നോവെല്ല എന്നു പറയുന്നതാവും ശരി. മഞ്ഞുതുള്ളിയിലെന്ന പോലെ ഈ കുഞ്ഞു നോവലിൽ മനുഷ്യനും ഭൂമിയും ഉൾപ്പെടുന്ന മഹാപ്രപഞ്ചമാണ് ഗദ്യകാവ്യമായി സാമന്ത ഒതുക്കിവച്ചിരിക്കുന്നത്. ബഹിരാകാശ നിലയം എന്ന ഇടുങ്ങിയ തടവറയിൽ പിറവിയെടുത്ത നോവലിൽ അമൂല്യവും അനിശ്ചിതത്വം നിറഞ്ഞതുമായ ഭൂമിയും മാനവരാശിയും തമ്മിലുള്ള ബന്ധം ഒരു മഹാധ്യാനമായി മാറുന്നു.

സഞ്ചാരികൾ,​

അനുഭവങ്ങൾ

വ്യത്യസ്ത ദേശവും ഭാഷയും സംസ്കാരവുമുള്ള വനിതകൾ ഉൾപ്പെടെ ആറ് ബഹിരാകാശ സഞ്ചാരികളാണ് കഥാപാത്രങ്ങൾ. അമേരിക്ക,​ ഇറ്റലി,​ ജപ്പാൻ,​ ബ്രിട്ടൻ എന്നിവിടങ്ങളിലെ നാലുപേരും രണ്ട് റഷ്യാക്കാരും. ബഹിരാകാശ നിലയത്തിലെ അവരുടെ ഒരു ദിവസമാണ് കഥാകാലം. ഭൂമിയിൽ മനുഷ്യനെ ഉറപ്പിക്കുന്ന ഗുരുത്വബലം അവരുടെ കൽച്ചുവടുകളിലില്ല. രുചിയില്ലാത്ത ഭക്ഷണം. പരീക്ഷണശാലയിലെ സമ്മർദ്ദം. ഉറ്റവരെ പിരിഞ്ഞ നൊമ്പരം. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബഹിരാകാശ നിലയം ഒരു ദിവസം 16 തവണ ഭൂമിയെ ഭ്രമണം ചെയ്യുന്നു. ഒന്നര മണിക്കൂറിൽ ഒരു ഭ്രമണം. ഒരു ദിവസം പതിനാറ് സൂര്യോദയവും 16 അസ്തമയവും! (നോവലിന് 16 അദ്ധ്യായങ്ങളാണ്. ഓരോ അദ്ധ്യായവും ഒന്നര മണിക്കൂറുള്ള ഒരു ഭ്രമണത്തിന്റെ കഥ പറയുന്നു).

ഭൂമിയിൽ ഉദയാസ്തമയങ്ങളുടെ ഇടവേള 12 മണിക്കൂർ വീതമാണ്. ബഹിരാകാശ നിലയത്തിൽ അതു വെറും 45 മിനിട്ട്! അതായത്,​ 90 മിനിട്ട് നീളുന്ന ഒരു ഭ്രമണത്തിനിടെ 45 മിനിട്ട് കൂടുമ്പോൾ ഉദയമോ അസ്തമയമോ കാണും. രാവും പകലും മിന്നൽപ്പിണറുകളായി വന്നു മറയുന്നതിനാൽ സമയബോധം ഇല്ലാതാവുന്നു. ഭൂമിയിലെ കാലഗണനാ കലണ്ടർ അപ്രസക്തമാകുന്നു. 24 മണിക്കൂറിൽ ബഹിരാകാശത്ത് മിന്നിമറയുന്ന ഋതുഭേദ വിസ്‌മയങ്ങളും താരാപഥങ്ങളും ഭൂമി എന്ന മായക്കാഴ്ചയും. 400 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തിൽ ശൂന്യതയുടെ ഇങ്ങേച്ചെരുവിൽ സ്വപ്നങ്ങളും ആശങ്കകളും മനുഷ്യജീവിതത്തിന്റെ ക്ഷണികതയും, കാലാവസ്ഥാ വ്യതിയാനവും, ദൈവ വിശ്വാസവും ജീവിതത്തിന്റെ അർത്ഥവുമൊക്കെ അവർ ചർച്ച ചെയ്യുന്നു.

നിലയം എന്ന

മനുഷ്യൻ!

ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന മനുഷ്യനായാണ് ബഹിരാകാശ നിലയത്തെ സാമന്ത സങ്കല്പിക്കുന്നത്. ആറു സഞ്ചാരികൾ നിലയത്തിന്റെ അവയവങ്ങളും ആത്മാവും ശ്വാസവും. ആന്റൺ ഹൃദയം. പിയട്രോ മനസ്. റോമൻ കൈകൾ. ഷൗൻ ആത്മാവ്. ചിയേ മനഃസാക്ഷി. നീൽ ശ്വാസം! നാലു മാസത്തെ ദൗത്യം. ബഹിരാകാശ യാത്ര മനുഷ്യനെ എങ്ങനെ ബാധിക്കുന്നു. എലികളിലും സസ്യങ്ങളിലും അണുക്കളിലും സ്വന്തം ശരീരത്തിലും പരീക്ഷണങ്ങൾ. ഭൂമിയെയും ബന്ധുക്കളെയും വിട്ട് അവർ ഈ ദൗത്യത്തിനെത്തിയത് ഭൂമിക്കും മനുഷ്യരാശിക്കും വേണ്ടിയാണ്.

വിഭ്രമാത്മകമായ അനുഭവങ്ങളുമായി കോടിക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചു കഴിഞ്ഞു. ദൈനംദിന തിരക്കിലും അവർ ഭൂമിയെ നിരീക്ഷിക്കുന്നു. ഓരോ സഞ്ചാരിയുടെയും വീടിന്റെ ചിത്രങ്ങളും തെളിയുന്നു. ചിയെമിന്റെ അമ്മയുടെ മരണം അറിയുന്നു. ഭൂമിയിൽ വീശുന്ന മാരക ചുഴലിക്കൊടുങ്കാറ്റിനെ നിരീക്ഷിക്കാൻ നിർദ്ദേശം വരുന്നു. അന്നുതന്നെ ഭൂമിയിൽ നിന്ന് ഒരു ചാന്ദ്ര പേടകവും വിക്ഷേപിക്കുന്നുണ്ട്. റഷ്യൻ സഞ്ചാരിയായ ആന്റണിനാണ് നിരീക്ഷണ ചുമതല..... ചെറുതും വലുതുമായ ഇത്തരം സംഭവങ്ങളിലൂടെ മാനവരാശിയുടെ ഭാവിയെപറ്റിയുള്ള അന്വേഷണത്തിലേക്കാണ് 'ഓർബിറ്റൽ" വായനക്കാരെ നയിക്കുന്നത്.

ക്ഷണികം

മനോഹരം

ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ ക്ഷണിക മനോഹര കാഴ്ചകൾ കാവ്യാത്മകമായി സാമന്ത വർണിക്കുന്നുണ്ട്. പർവതങ്ങളും സമുദ്രങ്ങളും ഹിമാനികളും മരുഭൂമികളും മഹാവനങ്ങളും പിരമിഡുകളും മിന്നി മറയുന്നു. രാവും പകലും ഇരുട്ടും വെളിച്ചവും ക്ഷണികം. രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിരുകൾ മായുന്നു. സൂര്യരശ്മി പതിച്ച ചെമ്പുതകിടു പോലെ തിളങ്ങുന്ന സമുദ്രങ്ങൾ... ജലത്തിൽ മേഘങ്ങളുടെ നീണ്ട നിഴലുകൾ... ഏഷ്യ വന്നു, പോയി... രൂപഭംഗം വന്ന് കറുത്ത ഓസ്ട്രേലിയയ്ക്ക് പ്രകാശത്തിന്റെ അവസാന ശ്വാസത്തിൽ പ്ലാറ്റിനത്തിളക്കം... പ്രഭാതകിരണങ്ങൾ പൊട്ടിവിടർന്ന ഭൂമിയുടെ ചക്രവാളവും മറഞ്ഞു... ഭൂമി ഇരുട്ടിൽ അലിഞ്ഞു മങ്ങി... ജലച്ചായം ഒലിച്ചു പോയി...

ബഹിരാകാശ

ധ്യാനം

ജീവിത മൂല്യങ്ങൾ സൂക്ഷിക്കുന്ന ഭൂമിയുടെ ഗംഭീര ശോഭ ബഹിരാകാശത്ത് സന്തോഷം പകരുമ്പോൾത്തന്നെ ഭൂമിയിലെ യുദ്ധവും ദുരന്തങ്ങളും അവർക്ക് വേദനയാവുന്നു. മായക്കാഴ്ചകൾക്കു നടുവിൽ മനുഷ്യന്റെ ഏകാന്തതയും ജീവിതത്തിന്റെ ക്ഷണികതയും. ഭൂമിയിൽ നിന്ന് അകലെ മനുഷ്യജീവിതം എന്ത്?​ ഭൂമി ഇല്ലെങ്കിൽ എന്തു ജീവിതം?​ മനുഷ്യൻ ഇല്ലെങ്കിൽ ഭൂമി എന്ത്?​ സഞ്ചാരികൾ ഭൂമിയിലെ ഉറ്റവരുമായി ബന്ധപ്പെടുന്നു.

ശാസ്‌ത്രത്തിന്റെ ചിറകിലേറി ഭൂമിയെ കാണുമ്പോൾത്തന്നെ ഭൂമിയെ കാത്തിരിക്കുന്ന ദുരന്തങ്ങളും അനാവരണം ചെയ്യപ്പെടുന്നു. ബഹിരാകാശത്ത് ഭൂമിക്കും മനുഷ്യനും വേണ്ടിയുള്ള ധ്യാനം എന്നാണ് നിരൂപകർ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

2010- ലാണ് സാമന്ത 'ഓർബിറ്റൽ" എഴുതാൻ തുടങ്ങിയത്. 5000 വാക്കുകൾ എഴുതിയ ശേഷം ഉപേക്ഷിച്ചു. സങ്കീർണമായ വിഷയത്തെക്കുറിച്ച് ആധികാരികമായ അറിവില്ലെന്നു തോന്നി. കൊവിഡ് കാലത്തെ പഠനത്തിൽ ബഹിരാകാശ നിലയത്തിൽ മനുഷ്യർ കടന്നുപോവുന്ന അനുഭവങ്ങളെ ഭൂമിയിൽ സങ്കല്പത്തിലൂടെ അനുഭവിക്കുകയായിരുന്നു സാമന്ത. ഇംഗ്ലണ്ടിലെ ബാത്ത് സ്‌പാ യൂണിവേഴ്സിറ്റിയിൽ ക്രിയേറ്റിവ് റൈറ്റിംഗ് എം.എ കോഴ്സിൽ റീഡർ ആണ് സാമന്ത ഹാർവി.