
കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ചയും ആഗോള ധന അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ നിർദേശിച്ചു. എന്നാൽ പലിശക്കാര്യത്തിൽ തത്കാലം മറുപടിയില്ലെന്നും ഡിസംബറിലെ ധന അവലോകന യോഗത്തിന് ശേഷം ചിത്രം വ്യക്തമാകുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ധന നയ രൂപീകരണത്തിൽ ഭക്ഷ്യ വിലക്കയറ്റം മാത്രം പരിഗണിക്കരുതെന്നും പീയുഷ് ഗോയൽ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ആഗോള നേതൃത്വ ഉച്ചകോടിയിലാണ് ഇരുവരും നിലപാടുകൾ വ്യക്തമാക്കിയത്.
വൈകിയെടുക്കുന്ന ദുർബല നടപടികളും മുൻകൂറായെടുക്കുന്ന ആവേശ തീരുമാനങ്ങളുമാണ് കേന്ദ്ര ബാങ്കുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ധന നയത്തിൽ റിസർവ് ബാങ്ക് ന്യൂട്രൽ നിലപാടിലേക്ക് മാറിയതിനാൽ ഉദാരമായ സമീപനം സ്വീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിസർവ് ബാങ്ക് നയത്തിലെ വിയോജിപ്പ്
1. ഭക്ഷ്യവിലക്കയറ്റത്തിലെ ചാഞ്ചാട്ടം അടിസ്ഥാനമാക്കി പലിശ നിശ്ചയിക്കുന്നത് ശരിയായ നിലപാടല്ല
2. വ്യാവസായിക ഉത്പാദന സൂചിക പ്രതീക്ഷ വളർച്ച നേടാത്തതിനാൽ മാന്ദ്യ സാഹചര്യം ശക്തമാകുന്നു
3. അമേരിക്ക, യൂറോപ്പ്, യു.കെ എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ രണ്ട് തവണ പലിശ കുറച്ചു
4. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിറുത്താൻ കുറഞ്ഞ പലിശ സഹായകമാകും
റിസർവ് ബാങ്കിന്റെ വെല്ലുവിളി
1. ഒക്ടോബറിൽ ചില്ലറ,മൊത്ത വില സൂചിക പതിനാല് മാസത്തെ ഉയർന്ന തലമായ 6.21 ശതമാനത്തിൽ
2. പലിശ കുറച്ചാൽ വിപണിയിൽ പണലഭ്യത കൂടുമെന്നതിനാൽ വിലക്കയറ്റം അതിരൂക്ഷമാകും
3. ഏഴ് ശതമാനത്തിനടുത്ത് സാമ്പത്തിക വളർച്ച നേടുന്നതിനാൽ ആശങ്കയ്ക്ക് വകയില്ല
നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനം
മുഖാമുഖം
പലിശ കുറയ്ക്കുന്നതിന് ഭക്ഷ്യ വിലക്കയറ്റം മാത്രം പരിഗണിക്കരുത്
പീയുഷ് ഗോയൽ
ഡിസംബറിലെ ധന നയത്തിൽ ചിത്രം വ്യക്തമാകും
ശക്തികാന്ത ദാസ്