swapna-suresh

തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വർണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ വഴിത്തിരിവ്. രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി. സ്വപ്‌നയ്‌ക്ക് വ്യാജരേഖയുണ്ടാക്കി നൽകിയെന്ന് ആരോപിക്കപ്പെടുന്ന സച്ചിൻ ദാസിനെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മാപ്പുസാക്ഷിയാക്കിയത്. സച്ചിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷി ആക്കുന്നതിൽ എതിർപ്പില്ലെന്ന് കോടതിയെ പൊലീസ് അറിയിച്ചു. ഈ മാസം 19ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.

സ്‌പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. കേസിൽ സ്വപ്‌ന ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിൻ രണ്ടാം പ്രതിയുമാണ്. മുംബയ് ആസ്ഥാനമായ ബാബ സാഹിബ് അംബേദ്‌ക്കർ സർവകലാശാലയുടെ പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്.

2017ൽ സ്വപ്നയ്‌ക്ക് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചു. സ്‌പേസ് പാർക്ക് കൺസൾട്ടൻസി ആയിരുന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പർ ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌നയ്‌ക്ക് ജോലി നൽകാൻ തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ സ്വപ്‌ന പ്രതിയായപ്പോഴാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു.

കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അനുമതിയോടെയാണ് നിയമനം നേടിയതെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. സ്‌പേസ് പാർക്കിൽ കൺസൾട്ടന്റായി നിയമിച്ച സ്വപ്‌നയ്‌ക്ക് നൽകിയ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് (കെഎസ്‌ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യുസി) കത്ത് നൽകിയെങ്കിലും പണം ലഭിച്ചിട്ടില്ല. പണം നൽകാനാകില്ലെന്ന നിലപാടിലാണ് പിഡബ്ല്യുസി.

19,06,730 രൂപയാണ് ഐടി വകുപ്പ് സ്വപ്‌നയുടെ ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വർണക്കടത്ത് കേസിൽ സ്വപ്ന പ്രതിയാകുകയും ജോലിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പിഡബ്ല്യുസിയില്‍ നിന്ന് ഈടാക്കാന്‍ കെഎസ്‌ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് നല്‍കിയിരുന്നു.