kitchen

ഒരു വീടിന്റെ പ്രധാനഭാഗമാണ് അടുക്കള. അതിനാൽ വാസ്തു കൃത്യമായി പാലിച്ചുവേണം അടുക്കള സ്ഥാപിക്കാൻ. വാസ്തുപ്രകാരം അടുക്കളയിൽ അത്യാവശ്യമായി പുലർത്തേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം. ഇതിൽ മാറ്റംവരുത്താതിരിക്കാൻ ശ്രദ്ധിച്ചേ പറ്റൂ. അടുക്കള മലിനപ്പെടുന്നത് വീടിന്റെയും വീട്ടുകാരുടെയും ഐശ്വര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വാസ്തുശാത്രം പറയുന്നത്. അതിനാൽ അടുക്കും ചിട്ടയോടും വൃത്തിയായും വേണം സൂക്ഷിക്കാൻ.

വീടിന്റെ തെക്ക് കിഴക്ക് മൂലയിലാണ് അടുക്കള പണിയേണ്ടത്. വടക്ക് പടിഞ്ഞാറ് ദിശയാണ് അടുക്കള പണിയാനുള്ള മികച്ച രണ്ടാമത്തെ സ്ഥാനം. വടക്ക്, വടക്കുകിഴക്ക് അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ഒരിക്കലും അടുക്കള നിർമ്മിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം പാകം ചെയ്യുന്ന വ്യക്തി കിഴക്കോട്ട് അഭിമുഖമായി നിന്നുവേണം അത് ചെയ്യേണ്ടത്. അതിന് ഉതകുന്ന രീതിയിലായിരിക്കണം അടുപ്പുകൾ സ്ഥാപിക്കേണ്ടത്. ഇതുമാത്രമല്ല, അടുക്കളിൽ ഒഴിച്ചുകൂടാനാവാത്ത ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ സ്ഥാപിക്കുന്നതിനും വാസ്തുനോക്കണം. അടുക്കളയിലെ വാസ്തു ദോഷം വീട്ടിലെ സാമ്പത്തിക നഷ്ടത്തിന് കാരണമാകും എന്നത് മറക്കാതിരിക്കുക.

അടുക്കളയിലെ സിങ്ക് വെള്ളത്തിന്റെ ദിശയായതിനാൽ വടക്കുകിഴക്ക് ദിശയിൽ തന്നെയായിരിക്കണം ശ്രദ്ധിക്കണം. ഗ്യാസ് സ്​റ്റൗ തെക്കുപടിഞ്ഞാറൻ മൂലയിൽ സ്ഥാപിക്കണം.അത് അഗ്നിനാഥന്റെ ദിശയാണെന്നതുതന്നെയാണ് കാരണം. അടുക്കളയിലെ വൈദ്യുതോപകരണങ്ങൾ തെക്കുകിഴക്കേ മൂലയിൽ സൂക്ഷിക്കണം.അടുക്കളയിൽ നിങ്ങളുടെ പാത്രങ്ങൾ സൂക്ഷിക്കാൻ ഏ​റ്റവും നല്ല സ്ഥലം പടിഞ്ഞാറ് ദിശയാണ്. അത് സാദ്ധ്യമല്ലെങ്കിൽ തെക്ക് ദിശയിലും സൂക്ഷിക്കാം.

ഫ്രിഡ്ജിനുള്ള ഏ​റ്റവും മികച്ച വാസ്തു ദിശ തെക്കുപടിഞ്ഞാറൻ മേഖലയാണ്. ഈ ദിശ സാദ്ധ്യമല്ലെങ്കിൽ മാത്രം വടക്ക് കിഴക്ക് ഒഴികെയുള്ള ഏതെങ്കിലും കോണിലോ ദിശയിലോ നിങ്ങൾക്ക് ഫ്രിഡ്ജ് സ്ഥാപിക്കാം.