
ഇന്ത്യ - ദക്ഷിണാഫ്രിക്ക അവസാന ട്വന്റി-20 മത്സരം ഇന്ന്
ഇന്ത്യ Vs ദക്ഷിണാഫ്രിക്ക
8.30 pm മുതൽ
സ്പോർട്സ് 18ലും ജിയോ സിനിമയിലും
ജോഹന്നാസ് ബർഗ് : മൂന്നാം ട്വന്റി-20യിലെ വിജയം നൽകിയ ആത്മവിശ്വാസത്തോടെ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ അവസാന മത്സരത്തിനിറങ്ങുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ആതിഥേയർ മൂന്ന് വിക്കറ്റിന് ജയിച്ചു. മൂന്നാം മത്സരത്തിൽ കഴിഞ്ഞ ദിവസം 11 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. തോറ്റാൽ പരമ്പര സമനിലയിലാകും.
സെഞ്ച്വറി നേടിയ തിലക് വർമ്മയുടെയും (56 പന്തുകളിൽ 107 റൺസ് ) അർദ്ധ സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയുടേയും (25 പന്തുകളിൽ 50 റൺസ്) മികവിലാണ് മൂന്നാം മത്സരത്തിൽ ഇന്ത്യ വിജയിച്ചത്. സെഞ്ചൂറിയനിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. പൊരുതിനോക്കിയദക്ഷിണാഫ്രിക്കയ്ക്ക് പക്ഷേ 208/7 എന്ന സ്കോറിലേ എത്താനായുള്ളൂ. അർഷ്ദീപ് നാലോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നാലോവറിൽ 54 റൺസ് വഴങ്ങിയെങ്കിലും വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.
സഞ്ജു പുറത്തായശേഷം ഉത്തരവാദിത്വത്തോടെ ബാറ്റുവീശിയ അഭിഷേക് ശർമ്മയും തിലക് വർമ്മയും ചേർന്നാണ് ഇന്ത്യയെ മുന്നോട്ടുനയിച്ചത്. 107 റൺസാണ് ഇവർ രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. കുറച്ചുനാളായി ഫോമില്ലായിരുന്ന അഭിഷേക് 25 പന്തുകളിൽ മൂന്ന്ഫോറും അഞ്ചു സിക്സുമടക്കം 50 റൺസിലെത്തിയപ്പോഴാണ് പുറത്തായത്. കേശവ് മഹാരാജിനെ ഇറങ്ങിയടിക്കാനൊരുങ്ങിയ അഭിഷേകിനെ കീപ്പർ ക്ളാസൻ സ്റ്റംപ് ചെയ്തു വിടുകയായിരുന്നു. തിലക് 32 പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സുമടക്കം 50 റൺസിലെത്തി. പത്താം ഓവറിൽ സൂര്യകുമാർ യാദവിനെയും 13-ാം ഓവറിൽ ഹാർദിക് പാണ്ഡ്യയേയും (18) ഇന്ത്യയ്ക്ക് നഷ്ടമായി.തുടർന്ന് അവസാനം വരെ ക്രീസിൽ നിന്ന് തിലക് വർമ്മ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടുകയായിരുന്നു. 56 പന്തുകളിൽ എട്ടുഫോറും ഏഴ്സിക്സുകളുമാണ് തിലക് പായിച്ചത്.
തിരിച്ചുവരട്ടെ സഞ്ജു
പരമ്പരയിലെ ആദ്യമത്സരത്തിൽ സെഞ്ച്വറി നേടിയിരുന്ന മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായിരുന്നു. ജോഹന്നാസ്ബർഗിൽ സഞ്ജുവിന്റെ തിരിച്ചുവരവിന് കാതോർക്കുകയാണ് ആരാധകർ. ക്വബേഹയിലെ രണ്ടാം മത്സരത്തിൽ ഓപ്പണറായി എത്തിയ സഞ്ജുവിനെ നേരിട്ട മൂന്നാം പന്തിൽ ബൗൾഡാക്കിയ മാർക്കോ യാൻസൻ മൂന്നാം ട്വന്റി-20യിൽ സഞ്ജുവിനെ രണ്ടാം പന്തിൽ ബൗൾഡാക്കുകയായിരുന്നു. ഈ കലണ്ടർ വർഷം അഞ്ചാം തവണയാണ് സഞ്ജു ട്വന്റി-20യിൽ ഡക്കാവുന്നത്.
സാദ്ധ്യതാ ഇലവനുകൾ
ഇന്ത്യ : സഞ്ജു സാംസൺ,അഭിഷേക് ശർമ്മ,തിലക് വർമ്മ,സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ,ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, ആവേഷ് ഖാൻ,വരുൺ ചക്രവർത്തി.
ദക്ഷിണാഫ്രിക്ക : റയാൻ റിക്കിൾട്ടൺ,റീസ ഹെൻട്രിക്സ്,എയ്ഡൻ മാർക്രം,ട്രിസ്റ്റൺ സ്റ്റബ്സ്,മാർക്കോ യാൻസെൻ,ഹെൻറിച്ച് ക്ളാസൻ,ഡേവിഡ് മില്ലർ,അൻഡിലെ സിമലേൻ,ജെറാഡ് കോറ്റ്സെ,കേശവ് മഹാരാജ്,എൻക്വബയോംസി പീറ്റർ.