high-court

കൊച്ചി: കൊടകര കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനും (ഇഡി) ആദായ നികുതി വകുപ്പിനും നോട്ടീസ് അയച്ച് ഹൈക്കോടതി. മൂന്നാഴ്‌ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടി. കൊടകര കവർച്ചാക്കേസിലെ 50ാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിലാണ് നോട്ടീസ്.

അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹ‌ർജിയിൽ ആരോപിക്കുന്നു.

2021 ഏപ്രിൽ മൂന്നിന് പുലർച്ചെ കോഴിക്കോടു നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന കുഴൽപ്പണം ദേശീയപാതയിൽ കൊടകര വച്ച് ഒരു സംഘം കാർ തടഞ്ഞുനിറുത്തി തട്ടിയെടുക്കുകയായിരുന്നു. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കാറുടമ പരാതി നൽകിയതെങ്കിലും പൊലീസിന്റെ അന്വേഷണത്തിൽ 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ ബിജെപിയുടെ കർണാടക ഘടകം കൊടുത്തുവിട്ട കള്ളപ്പണമാണിതെന്ന് ആരോപണമുയർന്നെങ്കിലും ബിജെപി ഇത് തള്ളിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് ബിജെപി ഓഫീസ് മുൻ സെക്രട്ടറിയുമായ തിരൂർ സതീഷ് കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണ് കോടികൾ വരുന്ന കുഴൽപ്പണമായി എത്തിച്ചതെന്ന് സതീഷ് വെളിപ്പെടുത്തി. കുൽപ്പണം കൊണ്ടുവന്നവർക്ക് മുറി ബുക്ക് ചെയ്തത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.