s

ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ നിന്ന് പൊലീസിനെ തടയണമെന്നായിരുന്നു കസ്തൂരിയുടെ ആവശ്യം. ക്ഷമാപണം നടത്തിയിട്ടും തനിക്കെതിരെ കേസെടുത്തതായി ഹർജിയിൽ കസ്തൂരി പറയുന്നു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും വാദിച്ചു. നവംബർ മൂന്നിന് ചെന്നൈയിൽ നടന്ന ബ്രാഹ്മണ സംഗമത്തിൽ സംസാരിക്കവെയാണ് നടി വിവാദ പരാമർശം നടത്തിയത്.

300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു വിവാദ പരാമർശം.

വ്യാപകമായ എതിർപ്പിനെത്തുടർന്ന്, കസ്തൂരി തന്റെ അഭിപ്രായങ്ങൾ ചില വ്യക്തികളെ ഉദ്ദേശിച്ചുള്ളതാണെന്നും തെലുങ്ക് സമൂഹത്തിന് എതിരല്ലെന്നും വ്യക്തമാക്കി മാപ്പ് പറഞ്ഞു.വിവിധ സംഘടനകൾ നൽകിയ പരാതിയിൽ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.