panchami-varahi-temple

കേരളത്തിൽ വാരാഹി ദേവിയ്ക്ക് ഒരു ക്ഷേത്രമുണ്ട്. വാരാഹി പഞ്ചമി ക്ഷേത്രം. തിരുവനന്തപുരത്തുള്ള ഈ ക്ഷേത്രത്തിൽ പഞ്ചമി ദിവസം പ്രധാനപ്പെട്ടതാണ്. സർവ ദുരിതങ്ങളിൽ നിന്നും രക്ഷിക്കുന്ന ആദിമ കുലദൈവം ആണ് വാരാഹി. വരാഹമൂർത്തിയുടെ വാമഭാഗത്തുള്ള വാരാഹി. ഭൂമിയുടെ ചൈതന്യം പേറുന്ന സർവ്വദോഷ പരിഹാരിണിയാണ് ദേവി.

വരാഹമൂർത്തിയെ അറിയുന്നവർ വാരാഹിയെയുമറിയണം. കാരണം വൈഷ്ണവ ശൈവ ശാക്തേയ ആരാധനകളിലൂടെയെല്ലാം വാഴ്‌ത്തപ്പെടുന്ന വാരാഹി ഭൂമിദേവിയുടെ അംശവും സാന്നിദ്ധ്യവുമുള്ള ദേവതയാണ്. വരാഹമൂർത്തിയുടെ വാമചൈതന്യമായും വാരാഹി ശോഭിക്കുന്നു. പൊതുവിൽ പരിവാര ദേവതയായി ആരാധിക്കപ്പെടുന്ന, അല്ലെങ്കിൽ കണക്കാക്കപ്പെടുന്ന വാരാഹി സാധാരണമായി സ്വതന്ത്രമായി പ്രതിഷ്ഠിക്കപ്പെടുന്നില്ല. എന്നാൽ തിരുവനന്തപുരത്ത് ഇത്തരത്തിലൊരു വാരാഹി പ്രതിഷ്ഠയും ആരാധനയും നടന്നുപോരുന്നു.


സകലദോഷങ്ങളെയും രോഗങ്ങളെയും ആധിവ്യാധികളെയും തടയുന്ന ഭഗവതി, വാക്കാകുന്ന ശക്തിയായും ഊർജ്ജമായും വിദ്യയായും ജ്ഞാനോദയത്തിനു കാരണമായും വാഴ്‌ത്തപ്പെടുന്ന ഭഗവതിയാണ് വാരാഹി. സപ്തമാതാക്കളിൽ ഒരാളായ വാരാഹി ലളിതാ പരമേശ്വരിയുടെ പരിവാര ദേവതയായും ആരാധിക്കപ്പെടുന്നു. വാക്സ്തംഭിനിയാണ് വാരാഹി. തന്നെ ഉപാസിക്കുന്നവർക്കുണ്ടാകുന്ന ഏത് പ്രതികൂലാവസ്ഥയെയും സ്തംഭിപ്പിക്കുന്നവൾ.


തിരുവനന്തപുരം നഗരപ്രാന്തത്തിൽ പേട്ടയ്ക്കടുത്ത് വാരാഹി പഞ്ചമി ക്ഷേത്രം എന്നപേരിൽ വാരാഹി ഭഗവതി ക്ഷേത്രമുണ്ട്. പഞ്ചമി തിഥികളാണ് അവിടെ കൂടുതൽ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നത്. നിത്യപൂജയും ആരാധനയുമുള്ള ക്ഷേത്രമാണെങ്കിലും പഞ്ചമി തിഥി ആരാധനയ്ക്കനുയോജ്യമായി പറയപ്പെടുന്നു.