
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് ( കോറൽ) തെക്കുകിഴക്കൻ പസഫിക് സമുദ്റത്തിൽ കണ്ടെത്തി. സോളമൻ ദ്വീപിന് തെക്ക് ത്രീ സിസ്റ്റേഴ്സ് മേഖലയിലാണ് ഇതുള്ളത്. 300 വർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതുന്നു. 34 മീറ്റർ വീതിയും 32 മീറ്റർ നീളവും 5.5 മീറ്റർ ഉയരവുമുണ്ട്. നീലത്തിമിംഗിലത്തേക്കാൾ വലിപ്പം.
കടലിൽ 42 അടി താഴ്‌ചയിൽ നാഷണൽ ജിയോഗ്രഫിക് കപ്പലിലെ വിഡിയോഗ്രാഫറാണ് കണ്ടെത്തിയത്. ആദ്യം കപ്പൽ അവശിഷ്ടം ആണെന്ന് കരുതി. വിശദപരിശോധനയിലാണ് കോറലാണെന്ന് വ്യക്തമായത്. അമേരിക്കൻ സമോവയ്ക്ക് സമീപമുള്ള 'ബിഗ് മമ്മ' എന്ന കോറലിന്റെ റെക്കാഡ് ആണ് ഇത് തകർത്തത്.
പോളിപ് എന്നറിയപ്പെടുന്ന കോടിക്കണക്കിന് ഇത്തിരിക്കുഞ്ഞൻ ജീവികൾ ചേർന്ന് ഒരു കോളനി പോലെ രൂപപ്പെടുന്നതാണ് കോറൽ അഥവാ പവിഴപ്പുറ്റ്. ജെല്ലിഫിഷ്, സീ അനിമോൺ എന്നിവയുമായി ബന്ധമുള്ള ജീവികളാണ് കോറലുകൾ. നിരവധി കോറൽ കോളനികൾ ചേർന്ന് കടലിൽ നീളത്തിൽ രൂപപ്പെടുന്ന ആവാസ വ്യവസ്ഥയാണ് കോറൽ റീഫ്. ഇത് മതിൽ പോലെയോ പാലം പോലെയോ കാണപ്പെടുന്നതിനാൽ 'പവിഴസേതു' എന്ന് വിളിക്കുന്നു.