jammu

ന്യൂഡൽഹി: പ്രത്യേക അധികാരങ്ങൾ നൽകിയ 370-ാം വകുപ്പ് റദ്ദാക്കിയതോടെ ജമ്മു കാശ്മീരിൽ ഭീകരപ്രവർത്തനങ്ങളിൽ 70 ശതമാനം കുറവ് വന്നെന്ന് കേന്ദ്ര സർക്കാർ. പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരത്തിയ കണക്കാണിത്.

2019ന് ശേഷം ഭീകരാക്രമണം കുറഞ്ഞെങ്കിലും ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളിൽ നിന്ന് ഭീഷണിയുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ കമ്മിറ്റിക്ക് മുൻപാകെ വ്യക്തമാക്കി. നരേന്ദ്ര മോദി സർക്കാർ ജന സുരക്ഷയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അതു നടപ്പാക്കുന്നുവെന്നും ഗോവിന്ദ് മോഹൻ അറിയിച്ചു. ആറുമാസത്തിനിടെ ജമ്മു കാശ്‌മീർ അതിർത്തി ജില്ലകളിലുണ്ടായ ഭീകരാക്രമണങ്ങൾ സൂചിപ്പിക്കാതെയുള്ള കണക്കുകളാണ് നൽകിയത്. 2019 ആഗസ്റ്റിലാണ് കേന്ദ്രസർക്കാർ ജമ്മു കാശ്മീരിൽ 370-ാം വകുപ്പ് റദ്ദാക്കിയത്.

സമൃദ്ധമായ ഇന്ത്യ ലക്ഷ്യം

സുരക്ഷിതമായ അതിർത്തികളുള്ള,​ സമൃദ്ധമായ ഇന്ത്യയാണ് ലക്ഷ്യം. ജമ്മു കാശ്മീരിൽ ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം അവർക്ക് പിന്തുണയും ധനസഹായവും ലഭ്യമാക്കുന്ന ശൃംഖലകളും ഇല്ലാതാക്കാനാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്. രാജ്യത്ത് മാവോയിസ്റ്റ് ആക്രമണങ്ങളും കുറഞ്ഞതായും ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ

2019ൽ 50 പൗരന്മാർ

 2024ൽ 14

 2019ൽ 73 ആക്രമണങ്ങൾ

2024ൽ ഇതുവരെ 10

 2019 ൽ 286 ഭീകരപ്രവർത്തന കേസുകൾ

ഈ വർഷം ഇതുവരെ 40 കേസുകൾ

സുരക്ഷാ ഉദ്യോഗസ്ഥർക്ക്

നേരെയുണ്ടായ അക്രമണങ്ങൾ

2019............. 96

2020.......... 111

2021............ 95

2022............ 65

2023............. 15

2024............. 5 (ഇതുവരെ)​

കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ

2019..................... 77

2020.................... 58

2021................... 29

2022................... 26

2023.................... 11

2024.................. 7