sports

താത്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മൂന്നുമാസം

തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള താത്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മൂന്നുമാസം. കൗൺസിൽ ഓഫീസുകളിലും സ്റ്റേഡിയങ്ങളിലും പരിശീലകരും കെയർടേക്കർമാരും വാർഡന്മാരും സെക്യൂരിറ്റി സ്റ്റാഫുകളുമൊക്കെയായി ജോലി നോക്കുന്ന 130ഓളം പേരാണ് ശമ്പളമില്ലാതെ നരകിക്കുന്നത്. ജൂലായ്‌യിലെ ശമ്പളമാണ് ഇവർക്ക് അവസാനമായി ലഭിച്ചത്. രണ്ടുവർഷത്തോളമായി ശമ്പളം കൃത്യമല്ലാതായിത്തുടങ്ങിയിട്ട്.

ജീവനക്കാർ നേരിട്ടും ഫോണിലൂടെയും ശമ്പളം എന്നുകിട്ടുമെന്ന് ചോദിക്കുമ്പോൾ ധനകാര്യവകുപ്പിലേക്ക് പണം ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ടെന്ന ഒഴുക്കൻ മറുപടിയാണ് കൗൺസിലിൽ നിന്ന് ലഭിക്കുന്നത്. ഒരു കോടിയിൽതാഴെയാണ് ഇവർക്ക് ശമ്പളത്തിന് ആവശ്യമായ തുക. സ്ഥിരജീവനക്കാർക്കും അടുത്തിടെ രണ്ട് മാസത്തെ ശമ്പളം മുടങ്ങിയിരുന്നു. ഇത് കേരള കൗമുദി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ധനകാര്യവകുപ്പിൽനിന്ന് പണം അനുവദിച്ചിരുന്നു. അതേസമയം സംസ്ഥാന കൗൺസിൽ ഓഫീസിലെ ചില താത്കാലികക്കാരെ സ്ഥിരജീവനക്കാർക്കൊപ്പം ശമ്പളം ലഭിക്കുന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്.

സമരത്തിന് ജീവനക്കാർ

ശമ്പളം ലഭിക്കാത്തതിൽ കൊച്ചി പനമ്പള്ളി നഗറിലെ സ്പോർട്സ് അക്കാദമിയിലെ ജീവനക്കാർ ഇന്നുമുതൽ സമരത്തിനൊരുങ്ങുകയാണ്. മറ്റ് ജീവനക്കാരും ഈ പാതയിലേക്ക് നീങ്ങിയാൽ കൗൺസിലിന്റെ കീഴിലുള്ള ഹോസ്റ്റലുകളുടെയും സ്റ്റേഡിയങ്ങളുടെയും പ്രവർത്തനം പെരുവഴിയിലാകും.