
കൊച്ചി: ഞായറാഴ്‌ച ഭോപ്പാലിൽ നടക്കുന്ന നാഷണൽ സ്കൂൾ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇടപെട്ടാണ് ഇതിനുള്ള അവസരം ഒരുക്കിയത്. 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റ് മൂന്ന് പേർക്കും വിമാന ടിക്കറ്റെടുക്കാൻ തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് മന്ത്രി നിർദേശം നൽകി.
നവംബർ 17ന് ഭോപ്പാലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റ് മൂന്ന് പേർക്കും തേർഡ് എസി ടിക്കറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് എടുത്തു നൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ടിക്കറ്റ് കൺഫേം ചെയ്യാൻ മന്ത്രിമാരുടെയും എംപിമാരുടെയും എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ മുഴുവൻ ടിക്കറ്റുകളും കൺഫേമായില്ല.
രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കൺഫേം ആയത്. രക്ഷിതാക്കൾ ഈ കുട്ടികളെ ഒറ്റക്ക് ഭോപ്പാലിലേക്ക് ട്രെയിനിൽ വിടാൻ തയ്യാറായില്ല. ടിക്കറ്റ് കിട്ടാതെ 20 താരങ്ങളും ടീം ഒഫീഷ്യൽസും എറണാകുളം റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്നത് വാർത്തയായിരുന്നു. ഇതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സംഭവത്തിൽ ഇടപെട്ടത്. കായികതാരങ്ങൾക്ക് മന്ത്രി വിജയാശംസകളും നേർന്നു.