
കല്പറ്റ : വയനാട്ടിൽ വില്പനയ്ക്കായി കൊണ്ടുവന്ന പത്ത് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കല്പറ്റ ടൗണിൽ നിന്നാണ് മേപ്പാടി കള്ളാടി സ്വദേശിയായ അനിൽകുമാർ എന്ന അനീസിനെ (50) ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ. എസ്.പി ജോഷി ജോസിന് കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെയോടെയാണ് ഇയാൾ പിടിയിലായത്.
വയനാട് ജില്ലയിലും പുറത്തുമായി നിരവധി മോഷണകേസുകളിൽ പ്രതീയാണ് അനീസ്. ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കല്പറ്റ ടൗണിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം ട്രോളി ബാഗുമായി കണ്ട അനീസിനെ പൊലീസ് സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിലാണ് ബാഗിൽ നിന്ന് 9.58 കിലോ കഞ്ചാവ് കണ്ടെടുത്തത്.
ലഹരിസംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം നടത്തിവരികയാണെന്നും ലഹരി ഉപയോഗം , വില്പന എന്നിവ തടയുന്നതിനാവശ്യമായ ശക്തമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു.