
കൽപ്പറ്റ: ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ക്രൂരവും നിന്ദ്യവുമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ എംപി. ദുരന്തബാധിതരുടെ കണ്ണീർ കാണാത്ത നിലപാട് വേദനാജനകമാണ്. പ്രകൃതി ദുരന്തത്തിന്റെ ഇരകളെ സഹായിക്കാനുള്ള ബാദ്ധ്യത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുണ്ട്. എന്നാൽ ദുരന്തമുഖത്തും കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇക്കാര്യം മറച്ചുപിടിച്ചത് ബി.ജെ.പിയുടെയും കേന്ദ്ര സർക്കാരിന്റെയും നെറികെട്ട രാഷ്ട്രീയത്തിന്റെ നേർചിത്രമാണെന്നും കെ.സിവേണുഗോപാൽ പറഞ്ഞു.