
കൊല്ലം: കഴക്കൂട്ടം- കണ്ണൂർ ഐ.ടി കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള കുറ്റൻ ഐ.ടി പാർക്ക് കൊട്ടിയത്തുള്ള കാഷ്യു കോർപ്പറേഷൻ ഭൂമിയിൽ ആരംഭിക്കാൻ ആലോചന. ഈ ഭൂമി ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ടി.ഐ.എൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി.
കൊല്ലം നഗരപരിധിയിൽ തന്നെ പാർക്ക് സ്ഥാപിക്കാൻ സ്ഥലം തിരഞ്ഞെങ്കിലും ലഭിക്കാത്ത സാഹചര്യത്തിലാണ് കൊട്ടിയത്തെ ഭൂമി പരിഗണിക്കുന്നത്. കൊല്ലം നഗരഹൃദയത്തിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന പാർവതി മിൽ ഭൂമി പദ്ധതിക്കായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനിടെ ചില സ്വകാര്യ ഭൂമി ഉടമകളുമായി ചർച്ച നടത്തിയെങ്കിലും അവർ വിട്ടുനൽകാൻ തയ്യാറല്ല. സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചാൽ നടപടികൾ പൂർത്തിയാക്കാൻ ഏറെ സമയമെടുക്കും. അതുകൊണ്ടാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ ഭൂമി കൈമാറിക്കിട്ടുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ കൊല്ലത്തും കണ്ണൂരുമാണ് കൂറ്റൻ ഐ.ടി പാർക്കുകൾ ലക്ഷ്യമിട്ടുള്ളത്. ഇതിൽ കണ്ണൂരിൽ കൂറ്റൻ ഐ.ടി പാർക്കിന് പുറമേ തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉപഗ്രഹ പാർക്കുകൾക്കും സ്ഥലം കണ്ടെത്തിയെങ്കിലും കൊല്ലത്ത് മാത്രം സ്ഥലം കണ്ടെത്തൽ നീളുകയായിരുന്നു.
കൊട്ടിയത്തെ ഭൂമി
ഉടമസ്ഥർ കാഷ്യു കോർപ്പറേഷൻ
10 ഏക്കർ വിസ്തീർണം
കൊട്ടിയം- കണ്ണനല്ലൂർ റോഡിൽ ദേശീയപാതയ്ക്ക് തൊട്ടരികെ
മൂന്ന് ഏക്കറോളം സ്ഥലത്ത് കശുഅണ്ടി ഫാക്ടറി
ബാക്കി സ്ഥലം കൈമാറാൻ ആലോചന
കാഷ്യു കോർപ്പറേഷന് എതിർപ്പില്ല
പദ്ധതിയിൽ പങ്കാളിയാക്കിയേക്കും
വരുമാനത്തിന്റെ വിഹിതം കാഷ്യു കോർപ്പറേഷന്
ഐ.ടി പാർക്കിന് കാഷ്യു കോർപ്പറേഷന്റെ കൊട്ടിയത്തെ ഭൂമി കൈമാറുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. നുറുകണക്കിന് പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിക്ക് ഭൂമി വിട്ടുനൽകുന്നതിൽ എതിർപ്പില്ല. കാഷ്യു കോർപ്പറേഷന് വരുമാനവും ലഭിക്കും.
എസ്. ജയമോഹൻ, ചെയർമാൻ
കാഷ്യു കോർപ്പറേഷൻ