
കൊച്ചി: നിരത്തുകളിൽ മാത്രമല്ല, വാഹനം പാർക്ക് ചെയ്യുന്നിടത്തും അപകടമുണ്ടാകാനുള്ള സാദ്ധ്യതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. എലിയും അണ്ണാനും വണ്ടും വരെ വില്ലനായേക്കാം. വാഹനങ്ങളിൽ ചെറുജീവികൾ വരുത്തുന്ന കേടുപാടുകൾ അപകടങ്ങൾക്കും തകരാറുകൾക്കും കാരണമാകും. ബ്രേക്ക് തകരാർ മുതൽ തീപിടത്തം വരെ ഉണ്ടായേക്കാം.
കേബിളുകൾ കടിച്ചുമുറിക്കുക, പ്ളാസ്റ്റിക് ഭാഗങ്ങൾ നശിപ്പിക്കുക, ഇന്ധന പൈപ്പിൽ തുളയിടുക എന്നിവയാണ് ചെറുജീവികൾ ചെയ്യുന്നത്. ടാങ്കിൽ നിന്ന് എൻജിനിലേക്ക് ഇന്ധനം പോകുന്ന പൈപ്പിലെ റബർ ഭാഗം വണ്ടുകൾ കുത്തിത്തുളയ്‌ക്കും. ഇതിലൂടെ ഇന്ധനം ചോരുകയും വാഹനം സ്റ്റാർട്ടാക്കുമ്പോൾ തീപിടിക്കാനുള്ള സാദ്ധ്യതയുണ്ടാവുകയും ചെയ്യുന്നു. എത്തനോൾ ചേർത്ത പെട്രോൾ വണ്ടിനെ ആകർഷിക്കുമെന്ന് കളമശേരി ഐ.ടി.ഐയിലെ ഓട്ടോമൊബൈൽ വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. മലയോരം, തോട്ടങ്ങൾ, കൃഷിപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വണ്ടുകളുടെ ആക്രമണം കൂടുതൽ.
ഓൺലൈനിൽ എലികളെ അകറ്റുന്ന യന്ത്രങ്ങൾ, രാസവസ്‌തുക്കൾ തുടങ്ങിയവ ലഭ്യമാണെങ്കിലും ഇവയിൽ പലതും തട്ടിപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു. ഇടയ്ക്കിടെ വാഹനങ്ങൾ പരിശോധിക്കുന്നതാണ് അപകടം ഒഴിവാക്കാനുള്ള പ്രധാന മാർഗം.
മുൻകരുതൽ
1. വീട്ടിൽ വാഹനം പാർക്ക് ചെയ്യുന്നിടം വൃത്തിയായി സൂക്ഷിക്കുക
2. കാടും പടലും മാലിന്യവുമുള്ളിടത്ത് പാർക്ക് ചെയ്യരുത്
3. വാഹനത്തിൽ ഭക്ഷണവും അവശിഷ്‌ടങ്ങളും ഒഴിവാക്കുക
4. സ്ഥിരമായി ഉപയോഗിക്കാത്ത വാഹനം ഇടയ്ക്ക് സ്റ്റാർട്ട് ചെയ്യുക
5. വാഹനത്തിലെ ദ്വാരങ്ങൾ, വിടവുകൾ എന്നിവ പരിശോധിക്കുക
തടയാനുള്ള മാർഗങ്ങൾ
1. കുരുമുളക് സ്‌പ്രേ, കീടനാശിനികൾ തളിക്കുക
2. എലി, അണ്ണാൻ എന്നിവയ്ക്ക് കയറാവുന്ന ഭാഗങ്ങൾ വലകൊണ്ട് അടയ്ക്കുക
''ചെറുജീവികൾ കേടുപാടുകൾ വരുത്തുന്ന വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോഴോ ഓടുമ്പോഴോ അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്. പാർക്ക് ചെയ്ത വാഹനങ്ങൾ എടുക്കും മുമ്പ് ശ്രദ്ധിക്കണം.""
-ബൈജു.ബി,
സീനിയർ ഇൻസ്ട്രക്‌ടർ
ഐ.ടി.ഐ ചെങ്ങന്നൂർ