sabarimala-festival

ഭക്തിയുടെ ശംഖൊലി മുഴക്കികൊണ്ട് വീണ്ടും ഒരു വൃശ്ചികമാസം കടന്നുവരികയാണ്. ഭക്തിയുടെ ശരണമന്ത്രങ്ങളാലാണ് മണ്ഡലപ്പുലരികൾ വിടരുന്നത്. കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദർശനം നേടാൻ മണ്ഡലവ്രതമെടുത്ത് മലചവിട്ടാൻ ഭക്തർ തയ്യാറെടുക്കുകയാണ്. ഉള്ളിലുള്ള ദൈവീകചൈതന്യത്തെ ഓരോരുത്തരും തിരിച്ചറിയുന്നുവെന്നതാണ് ശബരിമല തീർത്ഥാടനത്തിന്റെ സവിശേഷത. ഇതിനായി നടത്തുന്ന ഒരുക്കങ്ങളും മറ്റ് ചിട്ടവട്ടങ്ങളുമാണ് യാത്രയെ അസാധാരണമാക്കുന്നത്. മറ്റു വ്രതങ്ങളിൽ നിന്നും ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ട്.

വൃശ്ചികം ഒന്നു മുതൽ ധനു പതിനൊന്നു വരെയുള്ള നാല്പത്തിയൊന്നു ദിവസമാണ് ശബരിമല തീർത്ഥാടനത്തിനുള്ള വ്രതം അനുഷ്ഠിക്കുന്നത്. ഒന്നിന് രാവിലെ ക്ഷേത്രത്തിൽ വച്ച് രുദ്രാക്ഷം, തുളസിമാല എന്നിവയിലേതെങ്കിലും ധരിച്ചുകൊണ്ട് വ്രതം ആരംഭിക്കും. മദ്യം, മാംസാഹാരം, പകലുറക്കം തുടങ്ങിയവ പൂർണ്ണമായി ഒഴിവാക്കി അഹിംസ, സത്യം, ബ്രഹ്മചര്യം, സരളത എന്നിവ പാലിച്ചുകൊണ്ടാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആചാരപ്രകാരം ശബരിമല ദർശനം കഴിഞ്ഞ ശേഷം ക്ഷേത്രസന്നിധിയിലെത്തി മാല ഊരി വ്രതം അവസാനിപ്പിക്കാം. ശബരിമല വ്രതത്തെ ജീവകടങ്ങളിൽ നിന്നും മോചിപ്പിക്കാനുള്ള ഉപാധിയായാണ് കരുതപ്പെടുന്നത്. ഋഷിഋണം, ദേവഋണം, പിതൃഋണം എന്നീ മൂന്ന് കടങ്ങളാണ് മനുഷ്യനുള്ളത്. ശബരിമല യാത്രയിൽ ഇവ മൂന്നിൽ നിന്നും ഒരുമിച്ച് മോചനം നേടാൻ സാധിക്കുമെന്നാണ് വിശ്വാസം. മണ്ഡലകാലത്തെ ബ്രഹ്മചര്യവ്രതം കൊണ്ട് ഋഷികടവും, പുണ്യപാപങ്ങൾ ഇരുമുടിക്കെട്ടിലാക്കി ശാസ്താവിനു സമർപ്പിക്കുമ്പോൾ ദേവകടവും, പമ്പയിൽ കുളിച്ച് പിതൃതർപണം ചെയ്യുമ്പോൾ പിതൃകടവും തീരുന്നു. അങ്ങനെ പുണ്യാഭിവൃദ്ധിയും പാപമോചനവും സാദ്ധ്യമാവുന്നു.

ധനു പതിനൊന്നിന് നടക്കുന്ന മണ്ഡലപൂജയോടെയാണ് മണ്ഡലകാലത്തിന്റെ പരിസമാപ്തി. ഭൗതിക ജീവിതത്തിൽ നിന്നും ആത്മീയ ജീവതത്തിലേക്കുള്ള ചുവടുവയ്പ്പാണ് വ്രതമെടുക്കലും മലകയറ്റവും. അയ്യപ്പമുദ്ര രുദ്രാക്ഷമാലയിൽ ധരിച്ച്, കറുപ്പുടുത്ത് വ്രതശുദ്ധിയോടെയാണ് ഓരോ അയ്യപ്പൻമാരും മലചവിട്ടുന്നത്. ജീവിതത്തിൽ ഇന്ന് വരെ ചെയ്തുപോന്ന സകല പുണ്യപാപങ്ങളെയും ഇരുമുടിക്കെട്ടായി ശിരസിലേറ്റി, ഭഗവാന്റെ കാൽക്കൽ സമർപ്പിച്ച് മോക്ഷപ്രാപ്തിക്കായൊരു യാത്ര. അതാണ് ഓരോ അയ്യപ്പന്റെയും ലക്ഷ്യം. ജാതിമതഭേദമന്യേ, സർവമത സാഹോദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ശബരീശസന്നിധിയിൽ എത്തിച്ചേരുകയെന്നത് മോക്ഷപ്രാപ്തിയായാണ് ഭക്തലക്ഷങ്ങൾ വിശ്വസിക്കുന്നത്. മണ്ഡലവ്രതം അയ്യപ്പമുദ്ര ധരിക്കുമ്പോൾ തുടങ്ങുമെങ്കിലും ശബരിമല തീർത്ഥാടനത്തിന്റെ ആരംഭം ഇരുമുടിക്കെട്ട് നിറക്കുമ്പോഴാണ് തുടങ്ങുക. എത്രമാത്രം ആത്മസമർപ്പണത്തോടെയും ഭക്തിയോടെയുമാണ് ഇത് ചെയ്യുന്നത് എന്നതിലാണ് കാര്യം.

തത്വമസി പരമാത്മ്യം

തത്വമസി…അതു നീ തന്നെയാകുന്നു...' പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളായ പൊന്നുപതിനെട്ടാംപടി കയറി സാക്ഷാൽ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേൽക്കുന്നത് 'തത്വമസി' എന്ന മഹാവാക്യമാണ്. 'ഈശ്വരൻ നീയാണ് ' എന്ന ഓർമപ്പെടുത്തൽ. നാം ആരെ കാണാനായി പോകുന്നുവോ അതു നീ തന്നെയാണ് എന്ന പ്രപഞ്ച സത്യം തേടിയുള്ള യാത്രയാണ് മണ്ഡലകാലം. വായുവിന് കർപ്പൂരത്തിന്റെയും പനിനീരിന്റെയും ഗന്ധമുള്ള അന്തരീക്ഷം ശരണമന്ത്രങ്ങളാൽ മുഖരിതമായ കാലം. കലിയുഗവരദനായ ശ്രീധർമ്മ ശാസ്താവിനെ ഒരു നോക്കുകാണാൻ ലക്ഷങ്ങളാണ് വ്രതമെടുത്ത് മലചവിട്ടുന്നത്. മണ്ണിലും വിണ്ണിലും മനസിലും ഭക്തിയുടെ നൈർമല്യം പകരുന്ന മണ്ഡലകാലത്തിന്റെ നാളുകൾ. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം. അവിടെ ഭക്തനും അയ്യപ്പൻ, ഈശ്വരനും അയ്യപ്പൻ.

ഉള്ളിലെ ലൗകിക വികാരവിചാരങ്ങളുടെ പ്രതീകങ്ങളായ പതിനെട്ടു പടികൾ കടന്നാലേ തത്വമസിയുടെ സമത്വലോകത്ത് എത്തൂ. പതിനെട്ടു പടികളിൽ ആദ്യത്തെ അഞ്ചെണ്ണം ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണെന്നാണ് വിശ്വാസം. ഈ ലോകത്ത് നമ്മെ ബന്ധിച്ചിടുന്ന ഇന്ദ്രിയവിഷയങ്ങളാണവ. അതിനെ മറികടന്നാൽ അടുത്ത എട്ടു പടികൾ മനസിനകത്തെ അഷ്ടരാഗങ്ങളുടെ പ്രതീകങ്ങൾ. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈർഷ്യ, അസൂയ എന്നിവയാണ് അഷ്ടരാഗങ്ങൾ. ഈ അഷ്ടരാഗങ്ങളെയും മറികടന്നാൽ മനസ്സിന്റെ സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്നു പടികൾ. അതും പിന്നിട്ടാൽ വിദ്യയും അവിദ്യയും. അതിനുമപ്പുറമെത്തുമ്പോൾ മാത്രമേ ഭക്തൻ അദ്വൈതഭാവം പകരുന്ന തത്വമസിയുടെ വിശാലതയിലെത്തൂ. അങ്ങനെ ആത്മസംസ്‌കരണത്തിന്റെ പതിനെട്ടു പടികൾ കടന്നെത്തുന്ന ഏകഭാവത്തിന്റെ ആ വിശാലതയാണു ഭഗവാന്റെ സന്നിധി. ഭക്തിയുടെ ആ ഉന്നതിയിൽ ഭേദഭാവങ്ങളില്ല. എല്ലാം എല്ലാം അയ്യപ്പൻ. പൗർണമിക്കു ശേഷം പ്രതിപദം മുതൽ അടുത്ത പൗർണമി വരെ 30 ദിവസവും പിന്നീട് ഏകാദശി വരെയുള്ള 11 ദിവസവും ചേരുന്നതാണ് 41 ദിവസത്തെ മണ്ഡലകാലം.

ജാതിമത ഭേദമന്യേ സർവമത സാഹോദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ശബരീശ സന്നിധിയിൽ എത്തിച്ചേരുകയെന്നത് മോക്ഷപ്രാപ്തിയായാണ് ഭക്തലക്ഷങ്ങൾ വിശ്വസിക്കുന്നത്. മറ്റു വ്രതങ്ങളിൽ നിന്നും ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്നാണ് ഋഷീശ്വരന്മാർ ചൂണ്ടിക്കാട്ടുന്നത്. പഞ്ചശുദ്ധികളുടെ സംഗമമാണ് വ്രതങ്ങൾ. പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം തുടങ്ങി നിരവധി ഉദ്ദേശ്യങ്ങളാണ് വ്രതങ്ങൾക്കുള്ളത്. ഹൈന്ദവ സംസ്‌കാരത്തിൽ ഏറ്റവും പ്രാധാന്യമേറിയ വ്രതമാണ് മണ്ഡലകാലം. ശാസ്താപ്രീത്യർത്ഥമായി അനുഷ്ഠിക്കുന്ന ഈ വ്രതത്തെ ശബരിമല വ്രതമെന്നും പറയുന്നു.

പാമ്പുമേക്കാട്ടും ആയിരങ്ങളെത്തും

മാള : നാളെ വൃശ്ചികം ഒന്നിന് വടമയിലുള്ള പാമ്പുമേയ്ക്കാട്ട് മനയിൽ പുണ്യം തേടി ആയിരങ്ങളെത്തും. ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ വടമയിലെ പാമ്പും മേയ്ക്കാട്ട് മനയിൽ പാമ്പുകൾ പരദേവതകളും കാവൽക്കാരുമാണെന്നാണ് വിശ്വാസം. സർപ്പകോപം നിമിത്തം ക്ലേശമനുഭവിക്കുന്നവർ മനയിൽ ആശ്വാസം തേടിയെത്താറുണ്ട്. കിഴക്കിനിയിലെ കെടാ വിളക്കുകൾക്ക് മുമ്പിൽ നിത്യപത്മമിട്ട പൂജയാണ് ഇവിടത്തെ പ്രത്യേകത. മനയിലെ കിഴക്കിനിയിൽ വാസുകിയുടെയും നാഗയക്ഷിയുടെയും സാന്നിദ്ധ്യമുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം. ഈ കെടാവിളക്കുകളിലെ എണ്ണയും മഷിയുമാണ് സർപ്പ കോപം മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങൾക്ക് സിദ്ധൗഷധമായി കണക്കാക്കുന്നത്.

സർപ്പ പ്രീതിക്കായി നൂറും പാലും നൽകുന്നതിന് പുറമേ സർപ്പപ്പാട്ടും പ്രത്യേക പൂജകളുമുണ്ട്. കദളി പഴ നൈവേദ്യവും മഞ്ഞൾ പ്രസാദവുമാണ് മുഖ്യം. സർപ്പക്കാവുകളുടെയും കുറ്റിക്കാടുകളുടെയും വൻമരങ്ങളുടെയും നടുവിൽ ആറേക്കറിലാണ് ഇല്ലപ്പറമ്പ്. കന്നിമാസത്തിലെ ആയില്യം, മീന മാസത്തിലെ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങളിലാണ് പ്രത്യേക ദർശനമുള്ളത്.