
ന്യൂഡൽഹി: റീൽസ് എടുക്കാനും സിനിമ നിർമിക്കാനും ആഗ്രഹമുളളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഒരു സുവർണാവസരം വന്നെത്തിയിരിക്കുകയാണ്. നിങ്ങൾക്കായി നമോ ഭാരത് ഷോർട്ട് ഫിലിം മേക്കിംഗ് കോമ്പറ്റീഷൻ ഒരുക്കിയിരിക്കുകയാണ് നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്‌പോർട്ട് കോർപറേഷൻ (എൻസിആർടിസി). ഹ്രസ്വചിത്രം നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് അവസരം.
നിങ്ങൾ ഒരു വിദ്യാർത്ഥിയോ സിനിമാമോഹിയോ ആയിക്കോട്ടെ. ആർക്കുവേണമെങ്കിലും ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. നമോ ഭാരത് ട്രെയിനും റീജിയണൽ ട്രാൻസ്‌പോർട്ട് സിസ്റ്റം (ആർആർടിഎസ്) എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഷോർട്ട് ഫിലിം തയ്യാറാക്കേണ്ടത്. മത്സരാർത്ഥികൾക്ക് അവരുടേതായ സർഗാത്മകതയിൽ ഷോർട്ട് ഫിലിം ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. യാതൊരു മാനദണ്ഡങ്ങളും ബാധകമല്ല.
ഷോർട്ട് ഫിലിമുകൾ ചിത്രീകരിക്കാൻ എല്ലാവിധ സഹായങ്ങളും എൻസിആർടിസി ഒരുക്കുന്നുണ്ട്. മത്സരാർത്ഥികൾക്ക് ആർആർടിഎസ് സ്റ്റേഷനുകളിലും നമോ ഭാരത് ട്രെയിനുകളിലും സൗജന്യമായി ഷൂട്ടിംഗും നടത്താം. ഈ ലൊക്കേഷനുകളിൽ ഉയർന്ന നിലവാരത്തിലുളള കണ്ടന്റുകൾ നിങ്ങൾക്ക് സൃഷ്ടിക്കാനാകുമെന്നും എൻസിആർടിസി വ്യക്തമാക്കുന്നുണ്ട്.
മത്സരത്തിനായി എങ്ങനെ അപേക്ഷിക്കാം
മത്സരാർത്ഥികൾക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ ബന്ധപ്പെട്ട ഭാഷകളിലോ സിനിമ പ്രദർശിപ്പിക്കാവുന്നതാണ്. എംപി4,എംഒവി എന്നീ ഫോർമാറ്റിലും 1080പി റെസല്യൂഷനിലുമാണ് സിനിമ ചിത്രീകരിക്കേണ്ടത്. ഡിസംബർ 20 വരെയാണ് അവസരം.
pr@nrtc.in എന്ന ഈമെയിലിൽ ആപ്ലിക്കേഷൻ ഫോർ നമോ ഭാരത് ഷോർട്ട് ഫിലിം കോമ്പറ്റീഷൻ എന്ന സബ്ജക്ട് ലൈനിൽ രേഖപ്പെടുത്തണം. ഈമെയിലിൽ മത്സരാർത്ഥിയുടെ കൃത്യമായ പേര്, നൂറ് വാക്കിൽ കവിയാതെ ഷോർട്ട് ഫിലിമിന്റെ സംഗ്രഹം, സിനിമയുടെ ദൈർഘ്യം എന്നിവ ഉൾപ്പെടുത്തണം.
സമ്മാനം
ആദ്യമൂന്ന് സ്ഥാനങ്ങൾക്കാണ് സമ്മാനമുളളത്.
ആദ്യ സമ്മാനം- ഒന്നര ലക്ഷം
രണ്ടാം സ്ഥാനം- ഒരു ലക്ഷം
മൂന്നാ സമ്മാനം -50,000
എൻസിആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാവുന്നതാണ്.